ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി ഭീമനായ ടിസിഎസിന്റെ ലാഭം കുതിച്ചുയർന്നു. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിൽ 9769 കോടി രൂപയുടെ അറ്റാദായമാണ് കമ്പനിക്കുണ്ടായത്.

മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച്‌ 12.3 ശതമാനം വാർഷിക വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 8701 കോടി രൂപയാണ് നികുതിക്ക് ശേഷമുള്ള ലാഭം നേടിയത്. സെപ്തംബർ മാസത്തിൽ അവസാനിച്ച സാമ്പത്തിക പാദവാർഷികത്തിൽ 9624 കോടി രൂപയായിരുന്നു ലാഭം. സെപ്തംബർ-ഡിസംബർ കാലയളവിൽ വരുമാനം 48885 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ അപേക്ഷിച്ച്‌ 16.4 ശതമാനമാണ് വരുമാന വളർച്ച. ഈ പാദത്തിലെ അമേരിക്കൻ ഡോളർ വരുമാനം 14.4 ശതമാനം വർധിച്ച്‌ 6524 ദശലക്ഷം ഡോളറായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വരുമാനം 42015 കോടി രൂപയായിരുന്നു. സെപ്തംബർ പാദത്തിൽ 46867 കോടി രൂപയുമായിരുന്നു വരുമാനം.

മേഖലകൾ തിരിച്ചുള്ള ടിസിഎസിന്റെ വളർച്ചയിൽ മുന്നിലുള്ളത് വടക്കേ അമേരിക്കയാണ്. ഇവിടെ നിന്നുള്ള വരുമാനം 18 ശതമാനമാണ് ഉയർന്നത്. യൂറോപ്പ് 17.5 ശതമാനം വളർച്ച നേടി രണ്ടാം സ്ഥാനത്താണ്. യുകെയിലെ ബിസിനസ് 12.7 ശതമാനം വളർച്ച കൈവരിച്ചു. വളർന്നു വരുന്ന വിപണികളിൽ ഇന്ത്യ 15.2 ശതമാനവും മിഡിൽ ഈസ്റ്റും ആഫ്രിക്കയും 6.9 ശതമാനവും ഏഷ്യാ പസഫിക് 4.3 ശതമാനവും വളർച്ച നേടി.