ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 2,47,417 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്തത്. കഴിഞ്ഞ ദിവസത്തേതിലും 17 ശതമാനത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്.

24 മണിക്കൂറിൽ 84,825 പേർ കൂടി രോഗമുക്തി നേടി. 11,17,531 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 5,488 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.