സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണ. 2015ൽ നാഗലാന്റ്ിൽ ഹെലികോപ്റ്റർ തകർന്നുവീണെങ്കിലും ബിപിൻ റാവത്ത് രക്ഷപ്പെട്ടിരുന്നു. ഇത്തവണ ഭാര്യ മധുലികയും റാവത്തിനൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നു.

സംയുക്തസേനാ മേധാവി ബിപിൻ റാവത്ത് ഇത് രണ്ടാം തവണയാണ് ഹെലികോപ്റ്റർ അപകടത്തിൽപെടുന്നത്. ലഫ്റ്റനന്റ് ജനറലായിരിക്കെ 2015 ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ അപകടം. അന്ന് നാഗാലാൻഡിലെ ദിമാപുരിൽ പറന്നുയർന്ന ഉടനെ ഹെലികോപ്ടർ തകർന്നു വീഴുകയായിരുന്നു. ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ച എംഐ 17വി 5 ഹെലികോപ്റ്ററാണ് ഇന്ന് കൂനൂരിൽ അപകടത്തിൽപെട്ടത്. 20 ആളുകളെ വരെ കയറ്റാൻ ശേഷിയുള്ള റഷ്യൻ നിർമ്മിത ഹെലികോപ്റ്ററാണിത്. തന്ത്രപ്രധാന നീക്കങ്ങൾക്കും എയർ ഡ്രോപുകൾക്കുമാണ് ഈ റഷ്യൻ നിർമിത ഹെലിക്കോപ്ടർ സൈന്യം ഉപയോഗിക്കുന്നത്.

അപകട കാരണം വ്യക്തമാകണമെങ്കിൽ സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം വരെ കാത്ത് നിൽക്കണം. പ്രതികൂല കാലാവസ്ഥയിൽ താഴ്ന്ന് പറക്കുന്നതിനിടെ മരത്തിൽ ഇടിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. എന്നാൽ അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക വിവരം. തകർന്നു വീണയുടൻ തന്നെ ഹെലികോപ്റ്ററിൽ തീപടർന്ന് കത്തിയമർന്നു. ഇത് രക്ഷാപ്രവർത്തനങ്ങളേയും സാരമായി ബാധിച്ചു.