ജീവിതത്തിൽ നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെ കുറിച്ച് നമ്മൾ ഒരിക്കൽ പോലും ഓർക്കാറില്ല. പകരം, ഇല്ലാത്തവയുടെ പേരിൽ ദുഃഖിക്കും. എന്നാൽ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, നാം ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച്.

അത്തരത്തില്‍ നമ്മുടെ കണ്ണ് തുറപ്പിക്കുന്ന, ഹൃദയം തൊടുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ നവ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് .

ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോഴുള്ള കൊച്ചു കുഞ്ഞിന്റെ സന്തോഷമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ മനം നിറയ്ക്കുന്നത്. ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട ബാലന്‍ ഒരു വീല്‍ ചെയറില്‍ ഇരിക്കുകയാണ്. പിന്നീട് ഡോക്ടര്‍ കൃത്രിമ കൈയുമായെത്തി അത് കുട്ടിയുടെ കൈയില്‍ പിടിപ്പിക്കുന്നതാണ് വീഡിയോ.

ഡോക്‌ടർ കൃത്രിമ കൈ ബാലന്‍റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്.ഡോക്ടര്‍ കൈ ഘടിപ്പിക്കുന്നത് കുട്ടി ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കുന്നുണ്ട്. ആ സമയം, അവന്‍റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും മനസ്സും കണ്ണും നിറയ്ക്കും. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുകയാണ്. ശേഷം അവന്‍  സന്തോഷത്തോടെ ചുറ്റുമുള്ളവരെ നോക്കി.

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം ആളുകൾ ആണ് വീഡിയോ കണ്ടത്. കുട്ടിയുടെ നിഷകളങ്കമായ പുഞ്ചിരി കണ്ട് പലരും വികാരനിർഭരമായ കമന്റുകളുമായെത്തുകയും ചെയ്തു. ലോക ഭിന്നശേഷി ദിനത്തോടുനുബന്ധിച്ചാണ് വീഡിയോ പ്രചരിക്കുന്നത്.