ജയ്പൂര്‍: അടുത്തിടെ വിവാഹിതയായ ഒരു പെണ്‍കുട്ടിയുടെ അഴക് വര്‍ദ്ധിച്ചിരിക്കുകയാണ്. അവള്‍ അണിഞ്ഞ മെയ്യലങ്കാരങ്ങളല്ല അവളുടെ അഴക് കൂട്ടിയത്. പിന്നെയോ ആര്‍ക്കും മാതൃക ആക്കാവുന്ന ഒരു പ്രവൃത്തിയാണ് അവളെ വ്യത്യസ്തയാക്കിയിരിക്കുന്നത്.

തനിക്ക് 75 ലക്ഷം രൂപ സ്ത്രീധനമായി വേണമെന്നാണ് അവള്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത്. ഒന്ന് ഞെട്ടി അല്ലേ, ഈ തുക എന്തിന് വേണ്ടിയാണ് അവള്‍ ചോദിച്ചത് എന്നറിയുമ്പോള്‍ അത് മാറിക്കൊള്ളും. പെണ്‍കുട്ടികള്‍ക്ക് ഒരു ഹോസ്റ്റല്‍ പണിയാനാണ് പിതാവിനോട് ഇത്രയും വലിയൊരു തുക ഇവള്‍ ആവശ്യപ്പെട്ടത്. അദ്ദേഹമാകട്ടെ മകളുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി നല്‍കിയത് തുക എഴുതാത്ത ഒരു ചെക്കാണ്.

രാജസ്ഥാനിലെ ബാര്‍ബറിലുള്ള പെണ്‍കുട്ടിയാണ് തന്റെ വിവാഹം ഇത്തരത്തില്‍ വ്യത്യസ്തമാക്കിയത്. അഞ്ജലി കന്‍വീര്‍ എന്ന ഈ പെണ്‍കുട്ടിയും പ്രവീണ്‍ സിങുമായുള്ള വിവാഹം ഈ മാസം 21നാണ് നടന്നത്. തനിക്ക് സ്ത്രീധനം നല്‍കാനായി പിതാവ് കിഷോര്‍ സിങ് കനോദ് സൂക്ഷിച്ചിരിക്കുന്ന 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. പിതാവ് മകളുടെ ആഗ്രഹത്തിനൊപ്പം തന്നെ നിന്നു. നിസ്വാര്‍ത്ഥമായ ഇത്തരമൊരു സേവനത്തിന് വേണ്ടി ഈ തുക വിനിയോഗിക്കാമെന്ന് സമ്മതിച്ചു.

അഞ്ജലിയുടെ ഈ പ്രവൃത്തിയെ സാമൂഹ്യമാധ്യമങ്ങള്‍ അതിരറ്റ് പുകഴ്ത്തുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇത്തരമൊരു തീരുമാനമെടുത്തതില്‍ നിരവധി പേര്‍ ഇവള്‍ക്ക് ആശംസയുമായി എത്തുന്നുണ്ട്. വിവാഹത്തിനെത്തിയ അതിഥികളും അഞ്ജലിയെ പ്രശംസിച്ചു.