ഭോപ്പാൽ: 40 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ബലാത്സംഗത്തെ അതിജീവിച്ച 15കാരി അറസ്റ്റിൽ. മധ്യപ്രദേശിൽ ദാമോ ജില്ലയിൽ ആണ് സംഭവം.

കുഞ്ഞ്​ ജനിച്ചതിനെ തുടർന്ന്​ മാനസിക വിഷമത്തിലായിരുന്നു പെൺകുട്ടി.

ഗ്രാമത്തിലെ തന്നെ 17കാരനുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയിൽ പെൺകുട്ടിയെ കൗമാരക്കാരൻ ബലാത്സംഗം ചെയ്​തു. ആഗസ്റ്റിൽ പെൺകുട്ടി വയർ വേദനയാണെന്ന്​ വീട്ടുകാരോട്​ പരാതിപ്പെട്ടതോടെയാണ്​ ബലാത്സംഗ വിവരം പുറത്തറിയുന്നത്​​. തുടർന്ന്​ വീട്ടുകാർ പെൺകുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവെച്ച്‌​ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുകയും ചെയ്​തു. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ കൗമാരക്കാരനെതിരെ പൊലീസിൽ പരാതി നൽകുകയും പോക്​സോ പ്രകാരം പൊലീസ്​ ഇയാ​ളെ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു. ആഗസ്റ്റ്​ 20 മുതൽ ജുവനൈൽ ഹോമിലാണ്​ കൗമാരക്കാരൻ.

ഒക്​ടോബർ 16ന്​ പെൺകുട്ടി കുഞ്ഞിന്​ ജന്മം നൽകി. ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​ പിന്നീട്​ ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു പെൺകുട്ടി. നവംബർ അഞ്ചിന്ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​തു.

നവംബർ 10ന്​ പെൺകുട്ടി കുഞ്ഞുമായി പ്രദേശത്തെ കമ്യൂണിറ്റി ഹെൽത്ത്​ സെൻററിൽ എത്തുകയായിരുന്നു. കുഞ്ഞിന്​ സുഖമില്ലെന്ന്​ ഡോക്​ടർമാരെ അറിയിച്ചു. പരിശോധനയിൽ കുഞ്ഞ്​ മരിച്ചിരുന്നു -തെണ്ടുഖേഡ പൊലീസ്​ ഉദ്യോഗസ്​ഥനായ അശോക്​ ചൗരസ്യ പറഞ്ഞു.

നവംബർ 11ന്​ പോസ്റ്റ്​മോർട്ടത്തിന്​ ശേഷം കുഞ്ഞിൻറെ മൃതദേഹം പെൺകുട്ടിയുടെ വീട്ടുകാർക്ക്​ കൈമാറി. എന്നാൽ വ്യാഴാഴ്ച പുറത്തുവന്ന പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിയാണ്​ കുഞ്ഞ്​ മരിച്ചതെന്ന വിവരം പുറത്തുവരികയായിരുന്നു. തുടർന്ന്​ 15കാരിയെ പൊലീസ്​ കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്​തു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന്​ പെൺകുട്ടി പൊലീസിനോട്​ സമ്മതിക്കുകയും ചെയ്​തു. തുടർന്ന്​ പെൺകുട്ടിയുടെ അറസ്റ്റ്​ രേഖപ്പെടുത്തി