ന്യൂഡെല്‍ഹി.ദേശീയ തലത്തിൽ കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ.. തുടർച്ചയായി കോൺഗ്രസ് നേതാക്കൾ ടിഎംസിയിലേക്ക് ചേക്കേറുന്ന സാഹചര്യത്തിലാണ് അകൽച്ച.. ഇതോടെ ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യം അനിശ്ചിതത്വത്തിലായി..

ഒടുവിൽ മേഘാലയിലെ മുൻ മുഖ്യമന്ത്രി മുഗൾ സാഗ്മ ഉൾപ്പെടെ 11 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയതോടെയാണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധം വഷളായത്.
കീർത്തി ആസാദ്, അശോക് തൻവർ, സുഷ്മിത ദേവ് അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ നേരത്തെ തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യ നീക്കത്തിന് ഇടയിലാണ് തുടർച്ചയായി കോൺഗ്രസ് നേതാക്കൾ ടി എം സി യിലേക്ക് ചേക്കേറുന്നത്. രാഹുലിന് കഴിഞ്ഞില്ല , യഥാർത്ഥ പ്രതിപക്ഷം മമത എന്ന തലക്കെട്ടിൽ ടി എം സി മുഖപത്രമായ ജാഗോ ബങ്ക്ളയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് പിന്നാലെയാണ് ഇരു പാർട്ടികളും തമ്മിലുള്ള തർക്കം തുടങ്ങിയത്. മമത ബാനർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതായിരുന്നു ലേഖനം. ബംഗാൾ പിസിസി അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി ഉൾപ്പെടെ ലേഖനത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ടി എം സി യിലേക്ക് എത്തിക്കാനാണ് മമതയുടെ നീക്കം. നേരത്തെ സോണിയാ ഗാന്ധിയുമായി രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയ മമത, ഈ തവണ ദില്ലിയിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താതിരുന്നതും ശ്രദ്ധേയമാണ്.


2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യം ഉറപ്പിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ഇത് വെല്ലുവിളിയാകുന്നത് കോൺഗ്രസ് നേതൃത്വത്തിനാണ്. രാഹുലുമായി അകന്ന നേതാക്കൾ മമതയുടെ കൂടാരത്തിലേക്ക് ചേക്കേറുമോ എന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത രൂക്ഷമായതോടെ ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യമാണ് അനിശ്ചിതത്വത്തിലായത്.