ലഖ്‌നൗ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിച്ച പാകിസ്ഥാന്റെ വിജയം ആഘോഷിച്ച ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കുമെതിരെ യുവാവ് പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം. കഴിഞ്ഞ മാസം 24നാണ് ഇന്ത്യയും പാകിസ്ഥാനുമായുള്ള മത്സരം നടന്നത്.

പരാതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് സൂപ്രണ്ട് അങ്കിത് മിത്തല്‍ പറഞ്ഞു. വാട്‌സ് ആപ്പ് സ്റ്റാറ്റസിലൂടെയും പടക്കം പൊട്ടിച്ചുമാണ് ഭാര്യയും അവരുടെ കുടുംബവും പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതെന്ന് അസിം നഗര്‍ വാസിയായ പരാതിക്കാരന്‍ ഇഷാന്‍ മിയ പറഞ്ഞു.

വിവാഹ ശേഷം ഭാര്യയും ഭര്‍ത്താവും തനിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭാര്യ അവരുടെ വീട്ടുകാര്‍ക്കൊപ്പമാണ് കഴിയുന്നത്. ഭര്‍ത്താവിനെതിരെ അവര്‍ സ്ത്രീധനപീഡനക്കേസും നല്‍കിയിട്ടുണ്ടെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.