ലുധിയാന: പല്ല് വേദന ശമിക്കാന്‍ ആശുപത്രിയിലെത്തി ഇന്‍ജക്ഷന് എടുത്തതിന് തൊട്ടുപിന്നാലെ സ്ത്രീ മരിച്ചു. പഞ്ചാബിലെ ലുധിയാനയിലുള്ള മോത്തി നഗറിലാണ്‌സംഭവം. ഇവരുടെ മരണത്തിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടറെ കാണാതായെന്നും പൊലീസ് പറഞ്ഞു.

മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ദീപ് നഗറില്‍ ആശുപത്രി നടത്തുന്ന സുഭാഷ് കുമാര്‍ എന്നയാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കുസുമവതി(31) എന്ന സ്ത്രീയാണ് മരിച്ചത്. കടുത്ത പല്ല് വേദനെ തുടര്‍ന്ന് വീടിന് സമീപമുള്ള ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ ചില മരുന്നുകള്‍ തന്നതായി ഇവരുടെ ഭര്‍ത്താവ് അര്‍ജന്‍ പറഞ്ഞു. പല്ല് വേദനയ്ക്ക് ഒരുശമനവും കാണാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തി. ഡോക്ടര്‍ ഇന്‍ജക്ഷന്‍ എടുത്തു. ഉടന്‍ തന്നെ കുസുമവതി കുഴഞ്ഞു വീഴുകയായിരുന്നു. ഇവരെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കാന്‍ പറഞ്ഞ ശേഷം ഡോക്ടര്‍ സ്ഥലത്ത് നിന്ന് മുങ്ങിയെന്നും അര്‍ജന്‍ പരാതിയില്‍ പറയുന്നു.

ഉടന്‍ തന്നെ ഭാര്യയെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും അവര്‍ മരിച്ചു. കുറ്റാരോപിതനായ ഡോക്ടര്‍ വ്യാജനാണെന്നും അര്‍ജന്‍ ആരോപിക്കുന്നു. മതിയായ യോഗ്യതകള്‍ ഇല്ലാതിരുന്നിട്ടും ഇയാള്‍ ആശുപത്രി നടത്തുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.