ചെന്നൈ: മദ്യ ലഹരിയിൽ നൂൽബന്ധമില്ലാതെ അയൽ വീട്ടിൽ ചെന്നു കയറിയ അണ്ണാ ഡിഎംകെ മുൻ എംപിക്കു ഗൃഹനാഥന്റെ മർദനമേറ്റു.

ദീപാവലിയുടെ തലേ ദിവസമാണ് നീലഗിരി ജില്ലയിലെ അണ്ണാ ഡിഎംകെ മുൻ എംപി ആർ ഗോപാലകൃഷ്ണൻ മദ്യപിച്ച്‌ അയൽ വീട്ടിൽ കയറി ചെന്നത്.

മുതലമ്മൻപേട്ട് പ്രദേശത്താണ് മുൻ എംപിയുടെ ദീപാവലി ആഘോഷം അതിരുകടന്ന് അയൽ വീട്ടിലെത്തിയത്. ഇതോടെ വീട്ടിലുള്ളവർ ചേർന്ന് ഇയാളെ കൈകാര്യം ചെയ്തു. വീഡിയോയും പകർത്തി. തുടർന്നു കൂനൂർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വീടിനുള്ളിൽ അതിക്രമിച്ചു കയറിയ മുൻ എംപിക്കെതിരെയും ഇയാളെ മർദിച്ചവർക്കെതിരെയും പൊലീസ് കേസെടുത്തു. ഗോപാലകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്. ​ഗോപാലകൃഷ്ണന്റെ മൂക്കിൽ നിന്ന് ചോരയൊലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്