അഹമ്മദാബാദ്: ഭൂ ഉടമ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് തൊഴിലാളി സ്ത്രീ ആത്മഹത്യ ചെയ്തു. രാജ്‌കോട്ട് നഗരത്തിന് സമീപമുള്ള രത്‌നപൂര്‍ ഗ്രാമത്തല്‍ താമസിക്കുന്ന ഭൂഉടമയാണ് സ്ത്രീയെ പീഡിപ്പിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സുരേന്ദ്രനഗര്‍ ജില്ലയില്‍ വധ്വാന്‍ താലൂക്കിലാണ് സംഭവം നടന്നത്. ഭൂഉടമയായ യുവരാജ് സിങ് പര്‍വാറിന് ഇവിടെ മുപ്പത് ബീഘ ഭൂമിയുണ്ട്. ഈ ഭൂമിയില്‍ പാട്ടവ്യവസ്ഥയില്‍ കൃഷിയിറക്കുന്ന ആളിന്റെ ഭാര്യയെ ആണ് ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചത്. ബലാത്സംഗ ശ്രമം ചെറുത്തപ്പോള്‍ ഇയാള്‍ ഇവരെ അടിക്കുകയും മൂന്ന് വയസുള്ള മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗം ചെയ്ത ശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

കൃഷിയിടത്തില്‍ തന്നെ വച്ച് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭര്‍ത്താവ് എത്തിയപ്പോള്‍ അവര്‍ സംഭവിച്ചതെല്ലാം അയാളോട് പറയുകയും ചെയ്തു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്്ത്രീയുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇയാളുടെ കൃഷിയിടത്തില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത് വരികയായിരുന്നു ഈ ദമ്പതിമാരെന്ന് പൊലീസ് പറഞ്ഞു. വിളയുടെ 25ശതമാനം ഇവര്‍ക്ക് നല്‍കിയിരുന്നു.

പര്‍മാറിനെതിരെ ബലാത്സംഗം, ആത്മഹത്യാ പ്രേരണ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. ഇയാളെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.