പട്‌ന: ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു.

പതിനാല് പേരുടെ നില അതീവ ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.

വെസ്റ്റ് ചമ്പാരനിൽ ആറ് മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൊവ്വാഴ്ച മുതൽ ഇന്നു വരെ സംസ്ഥാനത്ത് വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയെന്ന് പോലീസ് അറിയിച്ചു. വിഷപദാർത്ഥം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കുന്നതിനായി മരിച്ചവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചതായും പോലീസ് കൂട്ടിച്ചേർത്തു.

ബച്ച യാദവ്, മഹാരാജ് യാദവ്, ഹനുമത് റായ്, മുകേഷ് പാസ്വാൻ, രാം പ്രകാശ് റാം, ജവാഹിർ സഹാനി എന്നിവരാണ് വെസ്റ്റ് ചമ്പാരനിൽ മരിച്ചത്. ഗോപാൽഗഞ്ചിൽ 12ഓളം ആളുകളെ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ഛർദ്ദി എന്നിവയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്യം കഴിച്ചയുടൻ ഇവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി കുടുബാംഗങ്ങൾ പറഞ്ഞു. ഗോപാൽഗഞ്ചിൽ ഇതുവരെ ഒൻപത് പേർ വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതപ്പെടുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്റ്റ് ചമ്പാരനിൽ ഇതിനു മുൻപും വിഷമദ്യ ദുരന്തമുണ്ടായിട്ടുണ്ട്.