ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന രാജ്യത്തെ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വിദ്യാലയങ്ങൾ തുറന്നു.ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അതിവേഗ വാക്സിനേഷൻ പദ്ധതിയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് രാജ്യം.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച്‌ അവലോകന യോഗം വിളിച്ചു ചേർത്തിരുന്നു.

കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ അധ്യാപകരിൽ 96 ശതമാനമാണ് വാക്സിൻ സ്വീകരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്.സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ വികസന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ അധ്യാപകരുടെ വാക്സിനേഷൻ വിവരങ്ങൾ അവലോകനം ചെയ്തു.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മാർച്ചിലാണ് സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളം അടച്ചിടാൻ തീരുമാനിച്ചത്.തുടർന്ന് കഴിഞ്ഞ നാലുമാസത്തിനുള്ളിലാണ് സ്കൂളുകൾ തുറക്കാൻ ആരംഭിച്ചത്.