ശ്രീനഗര്‍. സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇത്തവണത്തെ ദീപാവലി ആഘോഷം.

ജമ്മുകശ്മീരിലെ രജൗരി ജില്ലയിലുള്ള നൗഷേര സെക്ടറിലെ സൈനികര്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. നൗഷേരയിലെ സൈനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്നു രാവിലെയാണ് പ്രധാനമന്ത്രി ജമ്മുവിലെ വിമാനത്താവളത്തിലെത്തിയത്.

ഇത് രണ്ടാം തവണയാണ് മോദി രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി കരസേനാ മേധാവി ജനറല്‍ എംഎം നരവനെ ഇന്നലെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 11 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 24 ദിവസമായി പൂഞ്ച്-രജൗരി വനമേഖലയില്‍ സൈന്യം ഏറ്റവും ദൈര്‍ഘ്യമേറിയ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.