ന്യൂഡൽഹി: അടുത്തിടെ പുനരാരംഭിച്ച ശ്രീനഗർ-ഷാർജ വിമാനത്തിന് വ്യോമാതിർത്തി പാകിസ്ഥാൻ നിഷേധിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

സിവിൽ ഏവിയേഷൻ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുൾപ്പെടെ ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഏജൻസി റിപ്പോർട്ട് ചെയ്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ കശ്മീർ സന്ദർശിച്ചപ്പോഴാണ് ഏകദേശം 11 വർഷത്തിന് ശേഷം ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള വിമാനം ഫ്‌ലാഗ് ഓഫ് ചെയ്തത്. ശ്രീനഗറിൽ നിന്ന് ദുബായിയിലേക്കുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് എയർ ഇന്ത്യയാണ് ആരംഭിച്ചത്. 2009 ലായിരുന്നു അത്. എന്നാൽ അത് നിർത്തിവെച്ചു.

പാകിസ്ഥാന്റെ ഈ തീരുമാനം വളരെ ദൗർഭാഗ്യകരമാണെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഒമർ അബ്ദുള്ള പറഞ്ഞു. 2009-10 കാലഘട്ടത്തിൽ ശ്രീനഗറിൽ നിന്ന് ദുബായിയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് ആരംഭിച്ചപ്പോഴും പാകിസ്ഥാൻ ഈ സമീപനം തന്നെയാണ് എടുത്തത്. ഗോ ഫസ്റ്റ് എയർവേയ്‌സിന് പാകിസ്ഥാൻ വ്യോമാതിർത്തി കടക്കാൻ അനുമതി നൽകിയത് ഇന്ത്യ പാക് സംഘർഷത്തിൽ അയവു വന്നതുകൊണ്ടാണെന്നാണ് താൻ കരുതിയത്. എന്നാൽ എന്റെ പ്രതീക്ഷകൾ തെറ്റായിരുന്നു.- അദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക വിവിഐപി വിമാനത്തിന് പാക് സർക്കാർ തങ്ങളുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ തീരുമാനവുമുണ്ടായത്. ജി20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പോയതും തിരിച്ചുവന്നതും ഇതേ വ്യോമപാത വഴിയാണ്. സെപ്റ്റംബറിൽ പ്രധാനമന്ത്രി അമേരിക്ക സന്ദർശനം നടത്താനും ഈ വ്യോമപാത ഉപയോഗിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ശ്രീലങ്കയിലേക്ക് പോകാനായി ഇന്ത്യയുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇന്ത്യയും അനുവാദം നൽകിയിരുന്നു.