ബംഗളൂരു: കന്നട പവർസ്റ്റാർ പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ജിമ്മുകൾക്ക് മാ‌ർഗ നിർദേശങ്ങളുമായി കർണാടക സർക്കാർ.

ജിമ്മുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.

ഹൃദയ സംബന്ധമായ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ജിം പരിശീലകരെ പ്രാപ്തരാക്കുന്നതടക്കമുള്ള നിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. ജിമ്മിലെ അമിതമായ വർക്കൗട്ടുകൾ ആരോഗ്യത്തെ സാരമായി ബാധിക്കുമോയെന്ന ആശങ്കയിപ്പോൾ വ്യാപകമാണ്. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ജിമ്മുകളെ കുറിച്ച്‌ തെറ്റായ നിഗമനത്തിൽ എത്തിചേരാൻ സാധിക്കുകയില്ല. കാർഡിയോളജിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തി രൂപരേഖയുണ്ടാക്കി. മന്ത്രി സുധാകർ അറിയിച്ചു.

ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് പുനീത് കുമാറിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് തന്റെ കുടുംബ ഡോക്ടറായ രമണ റാവുവിന്റെ ക്ളിനിക്കിലെത്തി ചികിത്സ തേടി. പുനീതിന് അമിതമായ രക്തസമ്മർദ്ദമോ അസ്വാഭാവികമായ ഹൃദയമിടിപ്പോ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർ രമണ റാവു പറഞ്ഞു. എന്നാൽ ഇ സി ജിയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്ന് വിക്രം ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ അയക്കുകയായിരുന്നു. ഇവിടെ എത്തിയപ്പോൾ സ്ഥിതി ഗുരുതരമാകുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. എന്നാൽ വ്യായാമവുമായി പുനീതിന്റെ മരണത്തിന് ബന്ധമില്ലെന്ന് ഡോക്ടർ കൂട്ടിചേർത്തു.