ചണ്ഡിഗഡ്: കോൺഗ്രസിൽ നിന്നും രാജിവച്ചതായി അറിയിച്ച്‌ സോണിയാ ഗാന്ധിയ്‌ക്ക് കത്തയച്ച്‌ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്.

തന്റെ പാർട്ടിയുടെ പേരും അദ്ദേഹം പ്രഖ്യാപിച്ചു. ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്നാണ് ക്യാപ്‌റ്റന്റെ പാർട്ടിയുടെ പേര്. അടുത്തവർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് മുൻപ് അമരീന്ദർ സിംഗ് അറിയിച്ചിരുന്നു. ബിജെപി അമരീന്ദർ സിംഗുമായി തിരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്.

സെപ്‌തംബർ 18ന് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള‌ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദർ വിമർശിച്ചിരുന്നു. സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദർ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെ പാർട്ടിയിലെ പ്രശ്‌നങ്ങളെ തുടർന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദർ വീണ്ടും വിമർശനം ഉന്നയിച്ചിരുന്നു.