നാസിക്: ശമ്പളം കുറവായതിന്റെ പേരിൽ മാലതട്ടിപ്പറിക്കൽ പതിവാക്കിയ യുവ എൻജിനിയർ അറസ്റ്റിൽ.

മഹരാഷ്ട്രയിലെ നാസിക് സ്വദേശിയായ 27കാരൻ ഉമേഷ് പാട്ടീലാണ് അറസ്റ്റിലായത്. ഇയാൾ 56 പേരുടെ സ്വർണമാലകൾ തട്ടിപ്പറിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാലകൾ വിറ്റ് ഇയാൾ ആഢംബരജീവിതം നയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

2015ൽ എൻജിനിയറിങ് പൂർത്തിയാക്കിയ ഇയാൾ ഒരു കരാറുകാരനൊപ്പം ജോലി ചെയ്യുകയായിരുന്നു. എന്നാൽ ലഭിക്കുന്ന ശമ്പളത്തിൽ ഇയാൾ തൃപ്തനല്ലായിരുന്നു. അതേതുടർന്നാണ് മാല തട്ടിപ്പറിക്കൽ ഇയാൾ പതിവാക്കിയത്. ഇതിനായി ഉമേഷ്, തുഷാർ എന്നയാളെയും ഒപ്പം കൂട്ടി. ഇരുവരും ചേർന്ന് ഇരുപത് പേരുടെ മാല മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. 2020 നവംബറോടെ ഉമേഷ് തുഷാറുമായുള്ള ബന്ധം അവസാനിപ്പിച്ചു. അതിന് ശേഷം ഉമേഷ് 36 പേരുടെ മാല തട്ടിപ്പറിച്ചതായും പൊലീസ് പറഞ്ഞു.

ഒക്ടോബർ 21ന് ഉമേഷ് ബൈക്ക് വളരെ സാവാധാനം ഓടിച്ചുപോകുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ഇയാളെ പിന്തുടർന്നു. സ്വർണമാല ധരിച്ച്‌ നടന്നുപോകുന്ന സ്ത്രീയെ കണ്ടതിന് പിന്നാലെ ഇയാൾ ബൈക്ക് യൂടേൺ എടുത്തു. പിന്തുടർന്ന പൊലീസ് വാഹനം ഉമേഷിന്റെ വണ്ടിയിൽ ഇടിപ്പിച്ചു. മൂവരും വണ്ടിയിൽ നിന്ന് തെറിച്ച്‌ വീണെങ്കിലും പൊലീസ് പ്രതിയെ പിടികുടി. ഉമേഷ് രണ്ട് ജാക്കറ്റ് ധരിച്ചത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. മുകളിലെ ജാക്കറ്റ് അഴിച്ചുമാറ്റിയപ്പോൾ പ്രതിയുടെ തോളിൽ ഒരു ബാഗ് കണ്ടെത്തി. അതിൽ ഒരു നമ്പർ പ്ലേറ്റും സ്‌ക്രൂവുമാണ് ഉണ്ടായിരുന്നത്. കൃത്യം നടത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ ഇയാൾ നമ്പർ പ്ലേറ്റ് മാറ്റിയിടുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ വീട്ടിൽ നിന്ന് രണ്ടരലക്ഷം രൂപയും 25 സ്വർണമാലകളും പൊലീസ് കണ്ടെടുത്തു. സ്വർണത്തിന് വിലകൂടാനായി കാത്തിരിക്കുന്നത് കൊണ്ടാണ് ഇവ വിൽക്കാതിരുന്നെതെന്നും പൊലീസ് പറഞ്ഞു. കട്ടെടുത്ത സ്വർണം വിറ്റ് ഇയാൾ 48 ലക്ഷം രൂപ വിലമതിക്കുന്ന ഫ്‌ലാറ്റും കാറും വാങ്ങിയിരുന്നു. ഇയാളുടെ അക്കൗണ്ടിൽ 20 ലക്ഷം രൂപയും ഉണ്ടായിരുന്നു. ഉമേഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് ഇയാളുടെ സഹായിയായ തുഷാറിനെയും പിടികൂടി