മുംബൈ : ദേശീയ പട്ടികജാതി കമ്മീഷന് മുൻപാകെ തൻറെ പിന്നാക്ക ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും കുടുംബവും.

ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് തെളിയിക്കുന്ന രേഖകൾ ആണ് വാങ്കഡെ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം സമീർ വാങ്കഡെ മുസ്ലിമാണെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക് ആരോപിച്ചിരുന്നു. എന്തായാലും ഇതിൻറെ പേരിൽ സമീർ വാങ്കഡെയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹൽദാർ ഉറപ്പ് നൽകി.

‘ഒരു ഉദ്യോഗസ്ഥൻ തന്റെ വകുപ്പിന് അഭിമാനമുണ്ടാക്കുന്ന രീതിയിൽ ജോലി ചെയ്യുകയാണ്. ഒരു മന്ത്രിക്ക് ഒരു ഉദ്യോഗസ്ഥനെ ഇതുപോലെ വ്യക്തിപരമായി ആക്ഷേപിക്കാൻ കഴിയുമോ? എന്ത് തരം സന്ദേശമാണ് ഇത് സമൂഹത്തിന് നൽകുന്നത്? തന്റെ രഹസ്യ അജണ്ട നടപ്പാക്കാൻ മഹാരാഷ്ട്രയിലെ ഒരു മന്ത്രി വാങ്കഡെയെ വ്യക്തിപരമായി ആക്രമിക്കുകയാണ്.’- മന്ത്രി നവാബ് മാലിക്ക് വാങ്കഡേയ്‌ക്കെതിരെ ദിവസവും ചെളിവാരിയെറിയുന്നതിനെ വിമർശിച്ച്‌ ഹൽദാർ പറഞ്ഞു. എന്തായാലും ഈ പ്രശ്‌നം പരിശോധിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ഹൽദാർ പറഞ്ഞു. വാങ്കഡേ സംസ്ഥാന സർക്കാരിന് കളങ്കം വരുത്തുമെന്നും ഹൽദാർ ആരോപിച്ചു.