അഗര്‍ത്തല: അനധികൃതമായി ഇന്ത്യയില്‍ കടന്ന പത്ത് ബംഗ്ലാദേശ് പൗരന്‍മാര്‍ അറസ്റ്റില്‍. അസം-ത്രിപുര അതിര്‍ത്തിയായ ചുരൈബാരിയില്‍ ബസാരിചെറ പൊലീസ് വാച്ച് പോസ്റ്റില്‍ വച്ച് അസം പൊലീസാണ് ഇവരെ പിടികൂടിയത്.

ത്രിപുരയിലെ ധര്‍മ്മനഗറില്‍ നിന്ന് വരികയായിരുന്നു ഇവര്‍. പതിവായുള്ള പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. മൂന്ന് വ്യത്യസ്ത പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്.ദക്ഷിണേന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു തങ്ങള്‍ എന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. ദക്ഷിണേന്ത്യയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് മുമ്പും തങ്ങള്‍ ബാരക്ക് വാലിയിലേക്ക് പോയിരുന്നതായി ഇവര്‍ പറഞ്ഞു.

ത്രിപുരയിലെ ഒരു ഇടനിലക്കാരന്‍ വഴിയാണ് തങ്ങള്‍ ഇന്ത്യയിലെത്തിയത്. ചെന്നൈയിലേക്ക് ജോലിക്ക് പോകുകയായിരുന്ന അവരുടെ പക്കല്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാന്‍ ഇവരെ സഹായിച്ച ഇടനിലക്കാരനായ ബിധാന്‍ ചന്ദ്ര ദാസ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സൊഹൈല്‍ അഹമ്മദ്, അബ്ദുള്‍ ഗഫൂര്‍, നജ്മ ബീഗം, , സോഫിര അക്തര്‍, ആലിയ ബീഗം, ഫാത്തിമ അഖ്ത, രാജേഷ് ഷെയ്ഖ്, അസബുള്‍ ഷെയ്ഖ്, സനാവുള്ള അന്‍ഖി, കൗസര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുപത്തഞ്ച് വയസില്‍ താഴെയുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ ബംഗ്ലാദേശിലെ രാജ്ഷഹി, ഖുല്‍ന മേഖലയില്‍ നിന്നുള്ളവരാണ്.

കരിംഗഞ്ച് ജില്ലാ കോടതിയില്‍ ഹാജരാക്കിയ ഇവരെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ത്രിപുരയില്‍ അടുത്തിടെ വര്‍ഗീയ കലാപം ഉടലെടുത്തിരുന്നു. ഒരു കാളി ക്ഷേത്രം തകര്‍ക്കുകയും ഹിന്ദു വീടുകളും കടകളും തകര്‍ക്കുകയും ചെയ്തിരുന്നു.