ദന്തേവാഡ: മൂന്ന് വനിതാ നക്‌സലുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അഞ്ച് ലക്ഷം രൂപ വീതം തലയ്ക്ക് വിലയിട്ടിരുന്നവരാണ് പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ദന്തേവാഡ പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. ഏറ്റുമുട്ടലിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി. രാജെ മുചകി, ഗീത മര്‍ക്കം, ജ്യോതി എന്ന ഭിമെ നുപ്പോ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇവരില്‍ ഓരോരുത്തരെയും കണ്ടെത്തിയാല്‍ അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

നിരവധി ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇതിന് പുറമെ ചില ലഘുലേഖകളും ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കളും കണ്ടെത്തി.