ഭോപ്പാല്‍. ദളിത് യുവാവിനെ വിവാഹം കഴിച്ച സ്ത്രീയുടെ മുടി മുറിച്ച് ശിക്ഷിച്ചു,. ഇതിന് പുറമെ ഇവരെ പുഴയില്‍ മുക്കി ശുദ്ധീകരിക്കുകയും ചെയ്തു.

ഓഗസ്റ്റിലാണ് മധ്യപ്രദേശില്‍ ഈ സംഭവം നടന്നത്. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരിക്കുന്നത്. ദമ്പതികള്‍ സംരക്ഷണം തേടി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതിന ്പുറമെ ഇവരെ സ്വന്തം സമുദായത്തില്‍ നിന്ന് മറ്റൊരു വിവാഹം കഴിക്കാനും വീട്ടുകാര്‍ നിര്‍ബന്ധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 24കാരിയായ യുവതിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഒബിസി വിഭാഗത്തില്‍ പെടുന്ന ഇവര്‍ കഴിഞ്ഞ കൊല്ലം മാര്‍ച്ചിലാണ് 27കാരനായ ദളിത് യുവാവിനെ വിവാഹം കഴിച്ചത്. ഇരുവരും ആ ഡിസംബറില്‍ ഒന്നിച്ച് താമസം തുടങ്ങിയതോടെയാണ് സംഭവം വീട്ടുകാരറിഞ്ഞത്.

ഇതേക്കുറിച്ച് അറി#്ഞിട്ടും പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇവര്‍ ജനുവരി പത്തിന് പൊലീസില്‍ പരാതി നല്‍കി. പിന്നീട് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടിലെത്തിച്ചു. ബെതുല്‍ കോളജില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പിന്നീട് ഹോസ്റ്റലിലേക്ക് തിരികെ പോയി. ഓഗസ്റ്റിലാണ് കുടുംബാംഗങ്ങള്‍ ഇവരെ നര്‍മ്മദയുടെ ശെതാനിഘട്ടില്‍ മുക്കി ശുദ്ധീകരിച്ചത്.

ഇക്കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്നും എന്നാല്‍ തന്നെ നര്‍മ്മദയില്‍ മുക്കി ശുദ്ധീകരിച്ചതാണെന്ന് ഒരു ബന്ധുവാണ് തന്നോട് പറഞ്ഞതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. പിന്നീട് സ്വന്തം ജാതിയിലുള്ള യുവാവുമായി വിവാഹവും ഉറപ്പിച്ചു. കഴിഞ്ഞ മാസം 28നാണ് പെണ്‍കുട്ടി ബെതുളിലെത്തി പൊലീസിന് പരാതി നല്‍കിയത്. ഇവരുടെ വീട്ടുകാര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവും പരാതിപ്പെട്ടിട്ടുണ്ട്. ഇരുവരും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടു. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും സ്ഥലം എസ്പി വ്യക്തമാക്കി.