ന്യൂഡല്‍ഹി. കൊവിഡിനെ തുടര്‍ന്ന് തകരാറിലായ നോണ്‍ – ഇമിഗ്രന്റ് വിസ വിതരണം കാര്യക്ഷമമാക്കാന്‍ നടപടികളെടുത്തതായി അമേരിക്കന്‍ എംബസി.

ഇന്ത്യയില്‍ നിന്നു മാത്രം ഏകദേശം 30ലക്ഷം നോണ്‍ ഇമിഗ്രന്റ് വിസ അപേക്ഷകള്‍ നവംബര്‍ എട്ടിന് ശേഷം ഉണ്ടാവുമെന്നാണ് യു.എസ് അധികൃതരുടെ കണക്കുകൂട്ടല്‍.

പുതിയ അന്താരാഷ്ട്ര യാത്രാ നിബന്ധനകള്‍ പ്രകാരം വാക്‌സിനേഷന്‍ തെളിവുകളുമായി വരുന്നവര്‍ക്ക് വിസയുമായി യു.എസിലേക്ക് കടക്കാം. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം ഉറപ്പിക്കാന്‍ മുന്തിയ പരിഗണന നല്‍കുന്നത് കാരണം ന്യായമായ യാത്ര സൗകര്യമൊരുക്കുകയാണെന്ന് എംബസി അധികൃതര്‍ അറിയിച്ചു. കൊവിഡില്‍ നിന്ന് തിരിച്ചുവരാന്‍ കഴിഞ്ഞതിനാല്‍ നോണ്‍ ഇമിഗ്രന്റ് വിഭാഗത്തില്‍ നിരവധി അപേക്ഷകരുണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷമയോടെ കാത്തിരുന്ന ഇമിഗ്രേഷന്‍ അപേക്ഷകരെ എംബസി അധികൃതര്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ അപേക്ഷകരുടെയും സ്റ്റാഫിന്റെയും സുരക്ഷ ഉറപ്പുവരുത്താനും ശേഷി വര്‍ദ്ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. നവംബര്‍ എട്ടുമുതല്‍ യു.എസിലേക്കുള്ള വിദേശി യാത്രക്കാര്‍ കൊവിഡ് വാക്‌സിനേഷന്‍ തെളിവുകള്‍ ഹാജരാക്കണം. എഫ്.ഡി.എ ( ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍) അംഗീകരിച്ച വാക്‌സിന്‍ എടുത്തവരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂ എന്ന് യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി യൂസ് ലിസ്റ്റിംഗ് ലിസ്റ്റിലുള്ള വാക്‌സിനേഷനെയും അംഗീകരിക്കും. കൊവിഷീല്‍ഡ് ലിസ്റ്റിലുള്ളതിനാല്‍ അത് അംഗീകരിക്കും.


കോവാക്‌സിന്‍ അംഗീകാരം ബാക്കിനില്‍ക്കുകയാണ്. എന്നാല്‍ പ്രതിസന്ധി മുന്‍കൂട്ടികണ്ട് വിദേശയാത്രാ പദ്ധതിയുള്ളവര്‍ പലരും കോവിഷീല്‍ഡ് വാക്‌സിനേഷന്‍ നടത്തിയതായാണ് കാണുന്നത്.