മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ഖാനുമൊത്ത് ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവങ്ങള്‍ മാധ്യമങ്ങളുമായി പങ്കിട്ട മോഷ്ടാവ് വീണ്ടും പൊലീസ് പിടിയിലായി. മാട്ടുംഗ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തതും ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചിരുന്നതും.

ശ്രാവണ്‍ നാടാര്‍ എന്ന മോഷ്ടാവിനാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതോടെ വീണ്ടും ജയിലില്‍ പോകേണ്ടി വന്നത്. ഇയാള്‍ ആര്യനൊപ്പം ഒന്നാം നമ്പര്‍ ബാരക്കിലുണ്ടായിരുന്നതായി പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതോടെ ഇയാളുടെ പേരില്‍ ഉണ്ടായിരുന്ന മറ്റ് കേസുകളിലാണ് വീണ്ടും ജയിലിലേക്ക് പോകേണ്ടി വന്നത്.

തമിഴ്‌നാട്ടുകാരനായ ഇയാള്‍ ഇപ്പോള്‍ മാന്‍ഖൂടിലാണ് താമസം. ആര്യന്‍ ജയിലിലെത്തിയ സമയത്ത് തന്നെയാണ് താനും ജയിലിലായതെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പത്ത് ദിവസത്തിന് ശേഷം തനിക്ക് ജാമ്യം കിട്ടി. അങ്ങനെയാണ് താന്‍ പുറത്തിറങ്ങിയതെന്നും ഇയാള്‍ വ്യക്തമാക്കി. ഏതായാലും ആര്യന്‍ ജാമ്യത്തില്‍ പുറത്ത് വരുമ്പോള്‍ ഇയാള്‍ വീണ്ടും ജയിലിലേക്ക് പോയിരിക്കുകയാണ്.

ആര്യന്‍ ഇടയ്ക്കിടെ ജയിലിലിരുന്ന് വിതുമ്പുന്നത് കാണാമായിരുന്നുവെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര്യന്റെ മുടി വെട്ടിയെന്നും അയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. പുറത്തിറങ്ങുമ്പോള്‍ ഷാരൂഖ് ഖാനെ പോയിക്കാണണമെന്ന് തന്നോട് ആര്യന്‍ഖാന്‍ പറഞ്ഞതായും ഇയാള്‍ പറയുന്നു. അദ്ദേഹത്തോട് കുറച്ച് പണം ജയിലിലേക്ക് അയച്ച് തരാന്‍ പറയണമെന്നും ആര്യന്‍ പറഞ്ഞതായി നാടാര്‍ പറഞ്ഞു. താന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നെന്നും എന്നാല്‍ സുരക്ഷാ ജീവനക്കാര്‍ തന്നെ അകത്തേക്ക് കയറ്റി വിട്ടില്ലെന്നും ഇവര്‍ പറയുന്നു.

പണം വേണമെന്ന കാര്യം ആര്യന്‍ പറഞ്ഞോ എന്ന് വ്യക്തമല്ലെന്നും ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്നും ഒരു പൊലീസുകാരന്‍ പറഞ്ഞു. ഇരുവരും ഒന്നിച്ചുണ്ടായിരുന്നെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസമായി ഒരു ഭവന ഭേദന കേസില്‍ ജുഹൂ പൊലീസ് ഇയാളെ അന്വേഷിച്ച് വരികയായിരുന്നു. ഇയാള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അവര്‍ ഇയാളെ പിടികൂടുകയായിരുന്നു.

ഇയാളുടെ പേരില്‍ പതിമൂന്ന് ഭവനഭേദന കുറ്റങ്ങളും മോഷണക്കേസുകളുമുണ്ട്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ഇയാളെ തിങ്കളാഴ്ച വരെ റിമാന്‍ഡ് ചെയ്തു.