കച്ച്: ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന് ആരോപിച്ച് ആറംഗ ദളിത് കുടുംബത്തെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

ഈ മാസം 26നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് വ്യത്യസ്ത പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഗോവിന്ദ് വാഗെലയും അദ്ദേഹത്തിന്റെ പിതാവ് ജഗഭായിയുമാണ് പരാതി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഗോവിന്ദ വാഗെലയും അദ്ദേഹത്തിന്റെ കുടുംബവും ഈ മാസം 20നാണ് ക്ഷേത്രത്തില്‍ പോയത്. ഇത് ഇവിടുത്തെ ഉന്നത ഹിന്ദുക്കളെ അസ്വസ്ഥരാക്കി. ഇവര്‍ ഇദ്ദേഹത്തിന്റെ പാടത്തെ വിളകള്‍ നശിപ്പിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയ വാഗേലയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വടിയും പൈപ്പും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി എട്ട് സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. ഗ്രാമവാസികള്‍ തന്നെയാണ് അക്രമം നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതകശ്രമം, മോഷണം തുടങ്ങിയ കുറ്റങ്ങളടക്കം ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.