ഭോപ്പാല്‍: എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന 24കാരന് ജീവപര്യന്തം തടവ്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.

പതിമൂന്ന്കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇയാള്‍ക്ക് ജില്ലയിലെ മറ്റൊരു കോടതി വധശിക്ഷ വിധിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ഈ വിധി വന്നിരിക്കുന്നത്. ഡിഎന്‍എ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസിലും വിചാരണ കോടതികള്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. വിരേന്ദ്ര ആദിവാസി എന്ന യുവാവിനാണ് കോടതി ഈ ശിക്ഷ വിധിച്ചിരിക്കുന്നത്.

എണ്‍പതുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ഇയാള്‍ തടവിന് പുറമെ 11,000 രൂപ പിഴയും അടയ്ക്കണം. പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷം ഇയാള്‍ പിടിയിലായിരുന്നു. വൃദ്ധയെ കൊന്ന് മൂന്ന് ്മാസത്തിന് ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ അക്രമിച്ചത്.

2019 ജനുവരി 11നാണ് വൃദ്ധയെ ഒരു കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകന്‍ നല്‍കിയ പരാതിയില്‍ കേസ് എടുത്തു. പിന്നീട് നടന്ന ഫോറന്‍സിക് പരിശോധനയിലാണ് ഇവര്‍ ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തിയത്. ഇത് അജ്ഞതന്റെ കണക്കില്‍ പെടുത്തിയെങ്കിലും പിന്നീട് ആദിവാസിയെ സാഗര്‍ ജയിലില്‍ നിന്ന് റിമാന്‍ഡില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.