ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2020ല്‍ പ്രതിദിനം ശരാശരി 418 പേര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരമുള്ളതാണ് ഈ റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് മൊത്തം 153,052 പേരാണ് ആത്മഹത്യ ചെയ്തത്. 2019ല്‍ ഇത് 139,123 പേരാണ് ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ആത്മഹത്യ നിരക്ക് 2019ല്‍ 10.4ശതമാനത്തില്‍ നിന്ന് 2020ല്‍ 11.3 ശതമാനമായി ഉയര്‍ന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 19,909 പേരാണ് ഇവിടെ ആകെ ആത്മഹത്യ ചെയ്തത്.തൊട്ടുപിന്നാലെ തമിഴ്‌നാടുണ്ട്. 16,883 8പര്‍ ഇവിടെ ആത്മഹത്യ ചെയ്തു. 14,578 ആത്മഹത്യകളുമായി മധ്യപ്രദേശ് മൂന്നാം സ്ഥാനത്തുണ്ട്. പശ്ചിമബംഗാളാണ് ആത്മഹത്യയുടെ കാര്യത്തില്‍ നാലാം സ്ഥാനത്തുള്ളത്. 13,103 പേരാണ് ഇവിടെ കഴിഞ്ഞ കൊല്ലം ജീവനൊടുക്കിയത്. കര്‍ണാടകയില്‍ 12,259 പേര്‍ ആത്മഹത്യ ചെയ്തു. രാജ്യത്തെ ആത്മഹത്യകളുടെ പതിമൂന്ന് ശതമാനമാണ് മഹാരാഷ്ട്രയിലേത്. തമിഴ്‌നാട്ടില്‍ 11ശതമാനവും മധ്യപ്രദേശില്‍ ഒന്‍പതര ശതമാനവും പശ്ചിമബംഗാളില്‍ 8.6ശതമാനവും കര്‍ണാടകയില്‍ എട്ട് ശതമാനവുമാണ് ആത്മഹത്യാനിരക്ക്. ഈ അഞ്ച് സംസ്ഥാനങ്ങളിലും കൂടി 50.1ശതമാനമാണ് ആത്മഹത്യാനിരക്ക്. ബാക്കി 49.9ശതമാനം ആത്മഹത്യകള്‍ മറ്റ് 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി നടന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍ ആത്മഹത്യകളുടെ എണ്ണം താരതമ്യേന കുറവാണ്. രാജ്യത്തെ 16.9ശതമാനം ജനങ്ങളും ജീവിക്കുന്ന ഇവിടെ കേവലം 3.1ശതമാനം മാത്രം ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയിലാണ് കേന്ദ്രഭരണപ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നിരിക്കുന്നത്. 3,142 പേര്‍ ഇവിടെ ആത്മഹത്യ ചെയ്തു. പുതുച്ചേരിയാണ് രണ്ടാം സ്ഥാനത്ത്. 408 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.