അമൃത്സര്‍: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് രണ്ട് പാസ്റ്റര്‍മാരടക്കം മൂന്ന് പേര്‍ പിടിയില്‍. അമൃത്സറിലെ ഒരു പേപ്പര്‍മില്ലിലേക്ക് പുനരുപയോഗിക്കാനായി ഉപയോഗശൂന്യമായ പേപ്പര്‍ എന്ന വ്യാജേന ഇവര്‍ ബൈബിള്‍ കടത്തി വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബട്‌ലയില്‍ വച്ച് ആയിരക്കണക്കിന് ബൈബിളുകളുമായി വന്ന ട്രക്ക് തലകീഴായി മറിഞ്ഞതോടെയാണ് സംഭവം പുറത്ത് വന്നത്. ഉപയോഗശൂന്യമായ പേപ്പറിനൊപ്പം ബൈബിളും ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാരാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് അമൃത്സറിലെ ചമത്കാര്‍ പള്ളിയിലെ പാസ്റ്റര്‍ സ്റ്റീഫന്‍, പത്താന്‍കോട്ടിലെ പ്രാര്‍ത്ഥന ഭവന്‍ പള്ളിയിലെ പാസ്റ്റര്‍ ജേക്കബ് ജോണുമാണ് പിടിയിലായത്.

ജമ്മുകശ്മീരിലെ നീല്‍കമല്‍ കമ്പനിയുടെ പ്രതിനിധി അനിക് എന്നയാളാണ് പിടിയിലായ മറ്റൊരാള്‍. ജമ്മുകശ്മീരില്‍ നിന്ന് പുറപ്പെട്ട ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇത് അമൃത്സറിലെ ഒറു പേപ്പര്‍മില്ലിലേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ളില്‍ 53,000 ബൈബിളുകള്‍ ഉണ്ടായിരുന്നു.

ബൈബിളിന്റെ കവര്‍ പേജുകള്‍ നീക്കം ചെയ്ത ശേഷമാണ് ഇവ ട്രക്കില്‍ കയറ്റിത്. മൂന്നരലക്ഷം രൂപയ്ക്കാണ് ഇവവിറ്റത്. ഇതിന് പിന്നില്‍ വലിയ അഴിമതി ഉണ്ടെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.