ന്യൂഡൽഹി: 2021 സാമ്പത്തിക വർഷത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവുമധികം സംഭാവന നൽകിയ വ്യക്തി വിപ്രോ ഉടമ അസിം പ്രേംജി. മഹാമാരിക്കാലത്ത് ജനജീവിതത്തിനു ആശ്വാസകരമാകുന്ന പ്രവർത്തനങ്ങളായിരുന്നു അസിം പ്രേംജിയുടേത്.

പ്രതിദിനം 27 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്, പ്രതിവർഷം 9,713 കോടി രൂപ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഏറ്റവും കുടുതൽ തുക സംഭാവന നൽകിയവരുടെ പട്ടിക എഡെൽഗിവ് ഹുറൂൺ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത്.

നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന എച്ച്‌സിഎൽ ടെക്നോളജീസ് ഉടമ ശിവ നാടാറിനെയാണ് ഇത്തവണ പ്രേംജി പിന്നിലാക്കിയത്. 1,263 കോടി രൂപയാണ് ശിവ നാടാർ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈ വർഷം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയാണ് (577 കോടി രൂപ) പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി അഞ്ചാം സ്ഥാനത്തും(183 കോടി), ഇന്ത്യയിലെ രണ്ടാമാത്തെ സമ്പന്നനായ ഗൗതം അദാനി പട്ടികയിൽ എട്ടാം സ്ഥാനത്തുമുണ്ട്(130 കോടി).