ചണ്ഡിഗഢ്: ഒരു സ്ത്രീ നല്‍കിയ വ്യാജ ബലാത്സംഗക്കേസുകളില്‍ അന്വേഷണം നടത്താന്‍ ഹരിയാന വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. ഒരു വര്‍ഷത്തിനിടെ ഏഴ് ബലാത്സംഗക്കേസുകളാണ് ഇവര്‍ നല്‍കിയത്. ഏഴ് വ്യത്യസ്ത പുരുഷന്‍മാര്‍ക്കെതിരെ ആയിരുന്നു പരാതി.

ഗുരുഗ്രാമിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് ഇവര്‍ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് ഹരിയാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പ്രീതി ഭരദ്വാജ് ദലാല്‍ സംസ്ഥാന പൊലീസ് മേധാവി പി കെ അഗര്‍വാളിന് നിര്‍ദ്ദേശം നല്‍കി.

പ്രത്യേക സംഘത്തില്‍ പുരുഷന്‍മാരും സ്്ത്രീകളും ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്. ഏഴാമത്തെ കേസില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ നല്‍കിയ ഏഴ് ബലാത്സംഗ കേസുകളില്‍ രണ്ടെണ്ണം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇവരെ വിവാഹം കഴിക്കാന്‍ പല പുരുഷന്‍മാരെയും ഇവര്‍ നിര്‍ബന്ധിച്ചതായും അവര്‍ തയാറാകാതെ വന്നപ്പോള്‍ ലൈംഗിക പീഡന പരാതി നല്‍കുകയുമായിരുന്നു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

24കാരനായ വിവാഹിതനായ പുരുഷനെതിരെയാണ് ഇവര്‍ ബലാത്സംഗ ആരോപണം ഉയര്‍ത്തിയത്.