ഹൈദരാബാദ്: യാത്രക്കാരെ തടഞ്ഞ് നിര്‍ത്തി പൊലീസ് ഫോണ്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ്, മയക്കുമരുന്ന് സംബന്ധിയായ എന്തെങ്കിലും ചാറ്റുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി ഇവര്‍ നടത്തിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഹൈദരാബാദ് പൊലീസാണ് ഇത്തരമൊരു മയക്കുമരുന്ന് വിവരശേഖരണം നടത്തുന്നതെന്നും ആരോപിക്കുന്നു. ഫോണ്‍ പരിശോധിക്കുന്നതിലൂടെ നഗ്നമായ സ്വകാര്യതാ ലംഘനമാണ് പൊലീസ് നടത്തുന്നതെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.

പ്രധാനമായും ഇരുചക്രവാഹന യാത്രക്കാരാണ് പൊലീസിന്റെ ഇത്തരം പരിശോധനയ്ക്ക് ഇരകളാകുന്നത്. ഈ പരിശോധനയ്ക്കായി നൂറോളം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് ദക്ഷിണ മേഖല ഡിസിപി ഗജറാവു ഭൂപാല്‍ അറിയിച്ചു. 58 വാഹനങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പത്ത് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വേണ്ടി കൗണ്‍സിലിംഗും നടത്തി. രണ്ട് മാസമായി പൊലീസ് ഇവിടെ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരിക്കുകയാണ്. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇത് സ്വകാര്യതയുടെ പ്രശ്‌നമല്ലെന്ും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ആശങ്കയാണെന്നും പൊലീസ് പറഞ്ഞു. അത് കൊണ്ട് തന്നെ ഇത് തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇപ്പോള്‍ ഇവര്‍ തങ്ങളുടെ ചാറ്റുകളില്‍ കഞ്ചാവ് ഉണ്ടോയെന്ന് തെരയുന്നു. ഭാവിയിലിത് എന്‍ആര്‍സി, മോഡി, ബിജെപി തുടങ്ങിയവയാകും എന്നും സാമൂഹ്യപ്രവര്‍ത്തകനായ ശ്രീനിവാസ് കൊദാലി ട്വീറ്റ് ചെയ്തു.

ഇപ്പോള്‍ ഇവര്‍ ഫോണില്‍ സന്ദേശങ്ങള്‍ പരതുന്നു. ഇനി നമുക്ക് കാത്തിരിക്കാം പണം പരിശോധിക്കുന്നതിനായി. നമ്മുടെ കയ്യില്‍ എത്ര നോട്ടുണ്ട്, ചില്ലറയുണ്ട്, ക്രെഡിറ്റ് കാര്‍ഡുണ്ട്, എന്നിവയെല്ലാം ഇവര്‍ പരിശോധിക്കും. എന്തെങ്കിലും ബാങ്ക് തട്ടിപ്പ് നടന്നാല്‍ എന്നാണ് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്.

ഇത് സാധാരണക്കാരെയും അക്ഷരാഭ്യാസമില്ലാത്തവരെയും അപഹസിക്കലാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ എസ് ക്യു മാക്‌സൂദ് പറഞ്ഞു.