മുംബൈ: തന്റെ ആദ്യ ഭാര്യ ശബാന ഖുറൈഷിയെ ഇസ്ലാംമത ആചാരപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് സമ്മതിച്ച് നര്‍ക്കോട്ടിക്‌സ് ബ്യൂറോ മുംബൈ സോണല്‍ മേധാവി സമീര്‍ വാങ്കെഡെ. എന്നാല്‍ ഇത് ഒരു കുറ്റകൃത്യമല്ലെന്നും മുസ്ലീമായ തന്റെ മാതാവിന്റെ ആഗ്രഹപ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പിതാവ് ഹിന്ദുവാണ്. തന്റെ വിവാഹം ഇസ്ലാമിക ആചാരപ്രകാരം നടത്തണമെന്നത് മുസ്ലീമായ തന്റെ മാതാവിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ച് കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്. നിക്കാഹ് നടന്ന അതേ മാസം തന്നെ സ്‌പെഷ്യല്‍മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അതും ഒരു കുറ്റകൃത്യമല്ല. തന്റെ നിക്കാഹ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി നവാബ് മാലിക് എന്ന മഹാരാഷ്ട്ര മന്ത്രി പുറത്ത് വിട്ടതിന് പിന്നാലെയാണ് വാങ്കെഡെ വിശദീകരണവുമായി രംഗത്ത് എത്തിയത്. മുസ്ലീമായ വാങ്കെഡെ പട്ടികജാതി ക്വാട്ടയിലാണ് ഐആര്‍എസ് ജോലി തരപ്പെടുത്തിയതെന്ന ആരോപണവും മാലിക ഉയര്‍ത്തിയിരുന്നു.

ആര്യന്‍ഖാന്റെ അറസ്റ്റിന് ശേഷം നിത്യവും വാങ്കെഡെയ്‌ക്കെതിരെ നിരവധി ആരോപണങ്ങളാണ് മാലിക് ഉയര്‍ത്തുന്നത്. കൈക്കൂലി കേസ് മുതലുള്ളവ ഇതില്‍ പെടുന്നു.

താനൊരുൂ ദളിതനാണെന്ന് വെളിപ്പെടുത്തി വാങ്കെഡെയുടെ പിതാവ് ധ്യാനന്‍ ദേവ് വാങ്കെഡെയും രംഗത്ത് എത്തിയിട്ടുണ്ട്, താനും തന്റെ പൂര്‍വികരും ഹിന്ദുക്കളാകുമ്പോള്‍ മകന്‍ എങ്ങനെയാണ് മുസ്ലീമാകുന്നത് എന്നും അദ്ദേഹം ചോദിച്ചു. മാലിക് ഇക്കാര്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമീര്‍ വാങ്കെഡെയുടെ ഭാര്യയും നടിയുമായ ക്രാന്തി റെഡ്കര്‍ വാങ്കെഡെയും അദ്ദേഹത്തിന്റെ നിക്കാഹ് ശരിയാണെന്ന് സമ്മതിക്കുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും മതം മാറിയിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നവാബ് മാലിക് പുറത്ത് വിട്ടിരിക്കുന്ന ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ടതിലൂടെ മാലിക് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നുവെന്നും അവര്‍ ആരോപിച്ചു. മാലിക്കിനെതിരെ നിയമനടപടികള്‍ സ്വീകരി്ക്കും അദ്ദേഹത്തിനെതിരെ അവര്‍ പരാതിയും നല്‍കിക്കഴിഞ്ഞു. സമീര്‍ വാങ്കെഡെയുടെ പണി തെറിപ്പിക്കുക മാത്രമാണ് മാലിക്കിന്റെ ലക്ഷ്യം. അതിലൂടെ അദ്ദേഹത്തിന്റെ മരുമകനെ രക്ഷിക്കാന്‍ സാധിക്കുമെന്നും ക്രാന്തി പറഞ്ഞു.