മുംബൈ: നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ മേഖലാ മേധാവി സമീര്‍ വാങ്കെഡെയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് രംഗത്ത്. രാജ്യാന്തര മയക്കുമരുന്ന് രാജാവും അയാളുടെ കാമുകിയും ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ ഉണ്ടായിരുന്നുവെന്നാണ് മാലിക്കിന്റെ വെളിപ്പെടുത്തല്‍. അവരെ വാങ്കെഡെ രക്ഷപ്പെടാന്‍ അനുവദിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റ് ചെയ്യപ്പെട്ട ലഹരിപ്പാര്‍ട്ടിയെക്കുറിച്ചാമ് മാലിക് സൂചിപ്പിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ഇത്തരമൊരു പാര്‍ട്ടി നടത്തിയത്. മഹാരാഷ്ട്ര പൊലീസില്‍ നിന്നോ സംസ്ഥാന ആഭ്യന്തരവകുപ്പില്‍ നിന്നോ അമനുമതി തേടിയിരുന്നില്ല. ഷിപ്പിംഗ് മേധാവിയുടെയും അനുമതി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കപ്പലിലുണ്ടായിരുന്ന ലഹരിമാഫിയ രാജാവ് വാങ്കെഡെയുടെ അടുത്ത സുഹൃത്താണെന്നും മാലിക് പറഞ്ഞു. ഇയാളും കാമുകിയുമൊന്നിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ എന്‍സിബി യാതൊരു നടപടിയും കൈക്കൊണ്ടില്ല. പുറത്ത് വിട്ട ദൃശ്യങ്ങളില്‍ വാങ്കെഡെ കൃത്രിമത്വം കാണിച്ചുവെന്നും മാലിക് ആരോപിച്ചു.

ആര്യന്‍ ഖാനെ വിടാന്‍ വേണ്ടി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ചും അന്വേഷിക്കണമെന്ന് മാലിക് ആവശ്യപ്പെട്ടു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ വാങ്കെഡെയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.