ശ്രീനഗര്‍: ഒരു ദിവസം പാക് അധീന പ്രദേശമടക്കം കശ്മീര്‍ മുഴുവന്‍ ഭരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് വ്യോമസേനാ ഉദ്യോഗസ്ഥന്‍. അതേസമയം പാക് അധീന കശ്മീര്‍ പിടിച്ചടക്കാന്‍ തങ്ങള്‍ക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പശ്ചിമ എയര്‍കമാന്‍ഡ് എയര്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ അമിത് ദേവ് പറഞ്ഞു. ഇന്ത്യന്‍ സൈന്യം ബദ്ഗാമില്‍ കാലുകുത്തിയതിന്റെ 75ാം വാര്‍ഷികദിനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീനകശ്മീരിലെ ജനങ്ങളെ പാകിസ്ഥാന്‍ നന്നായി പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമസേനയും സൈന്യവും 1947 ഒക്ടോബര്‍ 27ന് നടത്തിയ ഇടപെടലുകള്‍ ഈ ഭാഗത്തിന്റെ സ്വാതന്ത്ര്യത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്മീരും വരും ദിവസങ്ങളില്‍ ഇതിന്റെ ഭാഗമാകും. മുഴുവന്‍ കശ്മീരും വരും വര്‍ഷങ്ങളില്‍ നമ്മുടേതാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മുഴുവന്‍ കശ്മീരും ഒന്നാകും, നമ്മുടെ രാഷ്ട്രവും ഒന്നാകും. ഇരുഭാഗങ്ങളിലും ഉള്ള ജനങ്ങള്‍ക്ക് ഒരേ വികാരമാണുള്ളത്. ഇന്നല്ലെങ്കില്‍ നാളെ രാഷ്ട്രം ഒന്നാകുന്നതിന് ചരിത്രം സാക്ഷിയാകും. ഈ സമയത്ത് നമുക്ക് യാതൊരു ഉദ്ദേശ്യവുമില്ല. എന്നാല്‍ ദൈവത്തിന്റെ ഇച്ഛ അതാണ്.

അന്നത്തെ ജമ്മുകശ്മീര്‍ രാജാവായിരുന്ന ഹരിസിങ് കശ്മീരിനെ കൈമാറാനുള്ള ഉടമ്പടി ഒപ്പ് വച്ചതിന് പിന്നാലെയാണ് 1947 ഒക്ടോബര്‍ 27ന് ഇന്ത്യന്‍ സൈന്യം താഴ് വരയില്‍ എത്തിയത്. അതിന് തലേദിവസം പാകിസ്ഥാന്‍ ഗോത്രവര്‍ഗക്കാര്‍ ഇവിടമാകെ തെരച്ചില്‍ നടത്തിയിരുന്നു. തങ്ങള്‍ ഈ ഘട്ടത്തില്‍ ഏറെ വെല്ലുവിളി നേരിട്ടു. ഏറ്റവും പ്രധാനം സാങ്കേതികതയുടെ അപര്യാപ്തത ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് സാങ്കേതികത ഏറെ മുന്നോട്ട് പോയിരിക്കുന്നു. നമ്മളും അതിനൊപ്പം തന്നെയുണ്ട്.

സാമ്പത്തിക ശേഷിയുള്ള രാഷ്ട്രങ്ങള്‍ക്ക് സൈനിക ശേഷിയുമുണ്ട്. രാഷ്ട്രത്തിന്റെ അഭീഷ്ടം വരും വര്‍ഷങ്ങളില്‍ നമ്മള്‍ സഫലമാമക്കണം. അതിന് വേണ്ടി എന്ത് വെല്ലുവിളിയും സ്വീകരിക്കാന്‍ നാം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ വ്യോമസേന ഇപ്പോള്‍ സുസജ്ജമാണ്. കൈമാറ്റ ഉടമ്പടി ഒപ്പ് വച്ച ഉടന്‍ തന്നെ സൈന്യം ശ്രീനഗറിലെത്തി അവിടം സുരക്ഷിതമാക്കി. പിന്നീട് പാക് സൈന്യത്തെ അവിടെ നിന്ന് തുരത്തി. എന്നാല്‍ പിന്നീട് പാക് ഗിരിവര്‍ഗക്കാരായ കബാലികള്‍ വീണ്ടും തിരികെ എത്തി.

മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമാക്കാനായി ഐക്യരാഷ്ട്രസഭ യാതൊരു ഇടപെടലും നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.