ന്യൂഡല്‍ഹി: അക്രമവും അശ്ലീലവും സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. അറുപത്തേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലായിരുന്നു നായിഡുവിന്റെ ഈ നിര്‍ദ്ദേശം.

ചലച്ചിത്രം എന്നാല്‍ വലിയ ഒരു വാഹനമാണെന്നും ഇതിന് ഒട്ടേറെ ഉദ്ദേശ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ, ധാര്‍മ്മിക, സന്ദേശങ്ങള്‍ സിനിമ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ തിന്‍മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുന്നവയാകണം സിനിമകള്‍. നല്ല സിനിമയ്ക്ക് ആളുകളുടെ ഹൃദയത്തിലും മനസിലും സ്പര്‍ശിക്കാനാകും. കേവലം വിനോദോപാധിക്കപ്പുറം ആളുകളെ പ്രബുദ്ധരാക്കാനും സിനിമയ്ക്ക് കഴിയണം.

നമ്മുടെ സംസ്‌കാരത്തിന്റെ മൂല്യങ്ങളും പാരമ്പര്യവും മറ്റും ദുര്‍ബലപ്പെടുത്താത്തവയാകണം ചലച്ചിത്രങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും ഇന്ത്യന്‍ സിനിമകള്‍ കാണുന്നുമുണ്ട്. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ സാംസ്‌കാരിക നയതന്ത്ര പ്രതിനിധികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.