ഉജ്ജയിന്‍: ഭാര്യയുടെ അന്ത്യാഭിലാഷം സാധിക്കാനായി യുവാവ് പതിനേഴ് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലുള്ള മഹാകലേശ്വര്‍ ക്ഷേത്രത്തിലാണ് ഝാര്‍ഖണ്ഡ് സ്വദേശി സ്വര്‍ണാഭരണങ്ങള്‍ സമര്‍പ്പിച്ചത്.

രശ്മി പ്രഭ എന്ന സ്ത്രീ ഈ ക്ഷേത്രത്തിലെ കടുത്ത വിശ്വാസിയായിരുന്നു. സ്ഥിരമായി ഈ ക്ഷേത്രത്തില്‍ വരാറുമുണ്ടായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന അവര്‍ മരിക്കും മുന്‍പ് തന്റെ ആഭരണങ്ങള്‍ ഈ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്ന് ആഗ്രഹിച്ചു. അക്കാര്യം അവര്‍ തന്റെ ഭര്‍ത്താവിനോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ ഭര്‍ത്താവ് സഞ്ജീവ് കുമാറും അദ്ദേഹത്തിന്റെ അമ്മയും കൂടി ഭാര്യയുടെ ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചതായി ക്ഷേത്രം ഭരണാധികാരി ഗണേഷ് കുമാര്‍ ധക്കാദ് പറഞ്ഞു. ഇവരുടെ നെക്ലേസുകള്‍ വളകള്‍, കമ്മല്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. എല്ലാം കൂടി 310 ഗ്രാമുണ്ട്. പതിനേഴ് ലക്ഷം രൂപ വിലവരുമെന്നും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.

രാജ്യത്തെ പന്ത്രണ്ട് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ് മഹാകലേശ്വര്‍. കോവിഡ് മഹാമാരിക്കിടയിലും കഴിഞ്ഞ മൂന്നരമാസത്തിനിടെ 23.3 കോടിരൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് ലഭിച്ചത്. പ്രവേശന ടിക്കറ്റ്, ലഡു വില്‍പ്പന, നേര്‍ച്ചപ്പെട്ടി, ഭസ്മ ആരതി തുടങ്ങിയ വിവിധയിനങ്ങളിലാണ് ഇത്രയും വരുമാനം ഉണ്ടായത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രണ്ടരമാസത്തോളം അടച്ച ക്ഷേത്രം ജൂണ്‍ 28നാണ് വീണ്ടും തുറന്നത്.