ലഖ്‌നൗ: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെ പൊതുജനങ്ങള്‍ക്കെതിരെ ചുമത്തിയ മൂന്ന് ലക്ഷം കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രമോദ് കുമാര്‍ ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

പകര്‍ച്ച വ്യാഝി നിയമപ്രകാരവും ഐപിസി 188 പ്രകാരവും എടുത്ത കേസുകളാണ് പിന്‍വലിച്ചത്. ഇത്തരം കേസുകളില്‍ മേലുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകള്‍ പുനപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. സാധാരണ ജനങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കേസുകള്‍ പൊതുതാത്പര്യാര്‍ത്ഥമാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം എംപിമാര്‍, എംഎല്‍എമാര്‍ മുന്‍ എംപിമാര്‍ എംഎല്‍എമാര്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള ഇത്തരം കേസുകള്‍ പിന്‍വലിച്ചിട്ടില്ല. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ഉള്ളതോ പിഴയുള്ളതോ ആയ കേസുകള്‍ മാത്രമാണ് പിന്‍വലിച്ചിട്ടുള്ളത്.