ന്യൂഡല്‍ഹി: ഇരുചക്രവാഹങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇനി കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമത്തിൽ മാറ്റം വരുത്തിയാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.

ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന കുട്ടികൾ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് ബാധകമാകുന്ന തരത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.

കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെല്‍റ്റ് ഉപയോഗിക്കണമെന്നും കരടില്‍ നിര്‍ദേശിക്കുന്നുണ്ട്. കുട്ടികളുമായുള്ള യാത്ര നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കൂടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഒരു വർഷമാണ് ഇതിന് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ബൈക്ക് യാത്രയ്ക്കുള്ള ഹെല്‍മെറ്റ് ഇല്ലെങ്കില്‍ സൈക്കിള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ ഗുണനിലവാരമുള്ള ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മതിയാകും. വാഹനം ഓടിക്കുന്ന ആളെയും പുറകിലിരിക്കുന്ന കുട്ടിയെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് നിര്‍ബന്ധമാണ്. നൈലോണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും ഗുണനിലവാരമുള്ളതും വാട്ടര്‍പ്രൂഫും ആയിരിക്കണം ബെല്‍റ്റുകള്‍. 30കിലോ വരെ താങ്ങാനുള്ള ശേഷി ബെല്‍റ്റിന് ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കുട്ടികളുമായിട്ടുള്ള ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് പുറത്തിറക്കിയത്. പുതിയ ക്രമീകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരുവര്‍ഷത്തെ സമയപരിധി.