റാഞ്ചി: വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിട്ടും വഴങ്ങാതിരുന്ന ഇളയ സഹോദരിയെ ബാലാത്സംഗം ചെയ്ത് കൊലപ്പെടുത്തി അണക്കെട്ടിന് സമീപം തള്ളിയ സംഭവത്തിൽ മൂത്ത സഹോദരിമാരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ഏഴ് മാസം മുമ്പ് കാണാതായ 17-കാരിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകം പുറത്തുവന്നത്. ഝാര്‍ഖണ്ഡിലാണ് സംഭവം. ഝാര്‍ഖണ്ഡിലെ സോനാര്‍ അണക്കെട്ടിന് സമീപത്തുനിന്ന് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയടെ മൃതദേഹം പുറത്തെടുത്തു. പെണ്‍കുട്ടിയുടെ മൃത​ദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാജേന്ദ്ര ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലേക്ക്​ മാറ്റി.

പെണ്‍കുട്ടിയുടെ സഹോദരിമാരായ രാഖി ദേവി, രൂപ ദേവി, സഹോദരീ ഭര്‍ത്താവ് ധനഞ്ജയ് അഗര്‍വാള്‍, സഹോദരിയുടെ കാമുകന്‍മാരായ പ്രതാപ് കുമാര്‍, നിതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. നിതീഷൊഴികെ ബാക്കിയുള്ളവരെല്ലാം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് സഹോദരിമാരുള്ള കുടുംബത്തിലെ നാലാമത്തെയാളാണ് മരിച്ച പെണ്‍കുട്ടി. മാതാപിതാക്കള്‍ നേരത്തെ മരിച്ച ഇവരില്‍ മൂത്ത സഹോദരി രാഖിക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ച്‌ പോന്നത്. ലൈംഗിക തൊഴിലാളിയായ രാഖി പെണ്‍കുട്ടിയെയും വേശ്യാവൃത്തിയിലേക്ക് ക്ഷണിച്ചു. എന്നാല്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം വലയിലാക്കി കൊലപ്പെടുത്തുകയായിരുന്നു.