മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുംബൈ ആഡംബര കപ്പല്‍ ലഹരിക്കേസിലെ സാക്ഷി കിരണ്‍ ഗോസാവിയുടെ വെളിപ്പെടുത്തല്‍.


“അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാണ്. ആര്യന്‍ ഖാനുമായി സെല്‍ഫിയെടുത്തത് എന്‍സിബി ഓഫീസില്‍ വെച്ചല്ല, ക്രൂയിസ് ടെര്‍മിനലില്‍ വെച്ചാണ്. പണം ആവശ്യപ്പെട്ട് ഷാരൂഖ് ഖാന്‍റെ മാനേജറെ സമീപിച്ചിട്ടില്ല .” കിരണ്‍ ഗോസാവി പറഞ്ഞു. നിലവില്‍ ഒളിവിലാണ് ഗോസാവി.

പ്രഭാകര്‍ സെയില്‍ എന്ന അംഗരക്ഷകനാണ് ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ്‍ ഗോസാവിക്കും എന്‍സിബി മുംബൈ സോണല്‍ ഓഫീസര്‍ സമീര്‍ വങ്കഡെക്കുമെതിരെ കോടികളുടെ ഇടപാട് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കിയത്.

ക്രൂയിസ് ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഒക്ടോബര്‍ മൂന്നിന് ഗോസാവിയും സാം ഡിസൂസ എന്നയാളും തമ്മിലുള്ള സംഭാഷണം കേട്ടു എന്നാണ് പ്രഭാകര്‍ സെയില്‍ ആരോപണമുന്നയിച്ചത് .ഇരുവരും ആര്യനെതിരായ കേസ് ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് ഷാരൂഖില്‍ നിന്ന് പണം തട്ടാന്‍ പദ്ധതിയിട്ടു എന്നാണ് സെയില്‍ ആരോപണമുയര്‍ത്തിയത് .

“നിങ്ങള്‍ 25 കോടിയുടെ ബോംബിട്ടു. നമുക്കിത് 18 കോടിയില്‍ ഒതുക്കിത്തീര്‍ക്കാം. 8 കോടി സമീര്‍ വാങ്കഡെയ്ക്ക് നല്‍കാം”- എന്നാണ് ഗോസാവിയും സാം ഡിസൂസയും സംസാരിക്കുന്നതിനിടെ പറഞ്ഞതെന്ന് പ്രഭാകര്‍ സെയില്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി .

അതെ സമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് സമീര്‍ വാങ്കഡെ പ്രതികരിച്ചു. അങ്ങനെ പണം വാങ്ങിയിട്ടുണ്ടെങ്കില്‍ ഈ കേസില്‍ ആരെങ്കിലും ജയിലില്‍ അടയ്ക്കപ്പെടുമായിരുന്നോ എന്നാണ് വാങ്കഡെ ചോദ്യമുന്നയിച്ചത് . എന്‍സിബിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ മാത്രമാണ് ഈ ആരോപണങ്ങള്‍. ഓഫീസില്‍ സിസിടിവി ക്യാമറകളുണ്ട്. ആരോപിക്കുന്നതുപോലെ ഒന്നും സംഭവിച്ചിട്ടില്ലെന്നും വാങ്കഡെ കൂട്ടിച്ചേര്‍ത്തു .

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ ആര്യന്‍ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്‍റെ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്‍.സി.ബി ഓഫീസിലേക്ക് ആര്യനെ കയ്യില്‍ പിടിച്ചുകൊണ്ടുവന്നത് ഇയാളാണ്. എങ്ങനെയാണ് എന്‍.സി.ബിയുടെ റെയ്ഡില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതെന്ന് ചോദ്യമുയര്‍ന്നു. കെ പി ഗോസാവിയെന്നാണ് ഇയാളുടെ പേരെന്ന് പിന്നീടാണ് അറിഞ്ഞത് .