തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഐഎംഎ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതില്‍ നിന്ന് ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മരുന്ന് അശാസ്ത്രീയമാണെന്നും ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും ഐഎംഎ ചൂണ്ടിക്കാണിച്ചു.

കുട്ടികള്‍ക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാന്‍ സാദ്ധ്യതയില്ലെന്നും വാക്സീന്‍ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആല്‍ബം പോലുള്ള മരുന്ന് കുട്ടികളില്‍ പരീക്ഷിക്കരുതെന്നും ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്നും ഇത് കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ആരോപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ നിരവധി തവണ പരീക്ഷിച്ചിട്ടുള്ള മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഹോമിയോപ്പതി ഡോക്‌ടര്‍മാര്‍ പറയുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിതെന്നും കുട്ടികള്‍ക്ക് കൊടുക്കുന്നതുകൊണ്ട് ദോഷമില്ലെന്നും ഇവര്‍ പറയുന്നു.