ലുധിയാന: ഭര്‍ത്താവിന്റെ ആത്മഹത്യാ നാടകവുമായി ബന്ധപ്പെട്ട് ഗ്രാമമുഖ്യയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു. ബന്ധുവിന് കടമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ വേണ്ടി നടത്തിയ നാടകമായിരുന്നു മുന്‍ ഗ്രാമത്തലവന്‍ കൂടിയായ ഭര്‍ത്താവിന്റേത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ബന്ധുക്കളുമായുള്ള പണമിടപാടിന്റെ പേരില്‍ താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാട്ടി ജൂലൈയില്‍ ഇദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. അതിന് ശേഷം ആരും ഇദ്ദേഹത്തെ കണ്ടിരുന്നില്ല.

ബന്ധുക്കളില്‍ നിന്ന് പണം പിടിച്ചെടുത്ത് ഭാര്യയ്ക്കും മകള്‍ക്കും നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ഈ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

മുന്‍ ഗ്രാമമുഖ്യന്‍ ഗുര്‍ദീപ്‌സിങ്(32) എന്ന ആളാണ് ആത്മഹത്യ നാടകം ഒരുക്കിയത്. നാല് പേരുടെ പേരും അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഗുര്‍ദീപ് സിങിനായി പൊലീസ് തെരച്ചില്‍ തുടങ്ങി.