മീററ്റ്: പണം മോഷ്ടിച്ചെന്ന് ആരോപിച്ച് ബാലികയെ വലിച്ചിഴക്കുകയും കെട്ടിയിടിട്ട് മര്‍ദ്ദിക്കുകയും ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ബഹദൂര്‍ഗണ്ഡിലാണ് സംഭവം.

കടയില്‍ നിന്ന് ഇരുപത് രൂപ മോഷ്ടിച്ചെന്നാണ് ആരോപണം. കടയില്‍ നിന്ന് സമോസ വാങ്ങാനായി പോയപ്പോള്‍ പണം എടുത്തെന്നാണ് കടയുടമയുടെ ആരോപണം. ഏഴുവയസുള്ള ഈ കുട്ടിയെ വലിച്ചിഴച്ച് കടയില്‍ കെട്ടിയിട്ട് മര്‍ദിച്ചു.

ആളുകള്‍ തടിച്ച് കൂടുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ആരോ പൊലീസിനെ വിളിച്ച് വരുത്തി. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ സ്ഥലത്ത് ഏറെ പേര്‍ തടിച്ച് കൂടിയിട്ടും ആരും പെണ്‍കുട്ടിയെ രക്ഷിക്കാനായി മുന്നോട്ട് വരുന്നില്ല. കുട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.

കുട്ടി സമോസ വാങ്ങാന്‍ പോയതാണെന്ന് അവളുടെ അച്ഛനായ കര്‍ഷകന്‍ പറഞ്ഞു. കടയുടമ രാകേഷ്‌കുമാര്‍ തെറ്റായ ആരോപണങ്ങള്‍ ആണ് ഉന്നയിക്കുന്നത്. കയ്യും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ചിലര്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ കടയുടമയുടെ സഹായി മഹേഷ് സിങ് അവരെ ഭീഷണിപ്പെടുത്തി.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.