ബംഗളുരു: ഭാര്യ ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചതിന് തൊട്ടുപിന്നാലെ മുന്‍ സൈനികന്‍ നാല് മക്കളെയും കൊന്ന് ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ശങ്കേശ്വറിലെ ബൊര്‍ഗാല്‍ ഗ്രാമത്തിലാണ് കുട്ടികളെ വിഷം ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തിയ ശേഷം 46കാരന്‍ ആത്മഹത്യ ചെയ്തത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ബാധയുമുണ്ടായ ജയ ജൂലൈ ആറിനാണ് മരിച്ചത് അതോടെ ഗോപാല്‍ ഹദിമണി ആകെത്തകര്‍ന്ന സ്ഥിതിയിലായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് ഇദ്ദേഹം സൈന്യത്തില്‍ നിന്ന് വിരമിച്ചത്.

നിരവധി തവണ കതകില്‍ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് പേരും തറയില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൗമ്യ(19),ശ്വേത(16)ഇരുവരും ശങ്കേശ്വറിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുകയാണ്. സാക്ഷി(11)ശ്രീജന്‍(8) എന്നീ കുട്ടികള്‍ ബൊര്‍ഗാലിലെ സ്‌കൂളിലും പഠിക്കുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ ഉടന്‍ തന്നെ അയല്‍ക്കാര്‍ പൊലീസിനെയും ഇവരുടെ ബന്ധുക്കളെയും വിവരം അറിയിച്ചു.

വീട്ടിനുള്ളില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്,. സംഭവം ദിവസം കുട്ടികളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ഒന്‍പത് മണിയോടെ ഭക്ഷണം കഴിച്ചതായി കുട്ടികള്‍ പറഞ്ഞു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഭാര്യയുടെ മരണ ശേഷം ഹദിമണി ഒരു വിഷാദരോഗത്തിലേക്ക് വീണിരുന്നു. ആരോടും സംസാരിക്കാതെ ആയി. കുട്ടികള്‍ പതുക്കെ അതില്‍ നിന്ന് മാറി വരുന്നുണ്ടായിരുന്നു.