ഹൈദരാബാദ്: വെള്ളക്കെട്ടില്‍ മുങ്ങിയ വാഹനത്തിലുണ്ടായിരുന്ന നവവധു മരിച്ചു. കര്‍ണാടകയിലെ റായ്ചൂര്‍ സ്വദേശിനിയ്ക്കാണ് ഈ ദുരന്തമുണ്ടായത്.

ഇവരും കുടുംബവും തിരുപ്പതി ദര്‍ശനത്തിന് എത്തിയപ്പോഴാണ് വാഹനം വെള്ളക്കെട്ടില്‍ കുടുങ്ങിയത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തുടര്‍ച്ചയായി പെയ്ത മഴയില്‍ പ്രദേശത്ത് ഒന്‍പതടിയോളം വെള്ളം പൊങ്ങിയിരുന്നു. തിരുപ്പതി വെസ്റ്റ് ചര്‍ച്ചിലെ റെയില്‍വേ അടിപ്പാതയിലാണ് വെള്ളപ്പൊക്കമുണ്ടായതും വാഹനം അപകടത്തില്‍ പെട്ടതും.

വാഹനത്തിന് കടന്ന് പോകാനാകുന്ന വെള്ളമേ ഉള്ളൂ എന്ന് കരുതി ഡ്രൈവര്‍ വാഹനം വെള്ളത്തില്‍ ഇറക്കുകയായിരുന്നു. എന്നാല്‍ വെള്ളത്തിന്റെ ശക്തി മൂലം വാഹനത്തിന് ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ വാഹനത്തിലുണ്ടായിരുന്ന കുട്ടികളടക്കമുള്ള ആറ് പേര്‍ സുരക്ഷിതരായി രക്ഷപ്പെട്ടു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. സന്ധ്യ(30) എന്ന യുവതിയാണ് മരിച്ചത്.