ടി20 ലോകകപ്പിലെ ഇടിവെട്ട് പോരാട്ടമായ ഇന്ത്യ -പാകിസ്ഥാന്‍ പോരാട്ടത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.യുദ്ധം പോലെയാണ് കളിക്കാരും ഇരു രാജ്യത്തിലെയും കളിക്കാരും ക്രിക്കറ്റ് പോരാട്ടത്തെ കാണുന്നത്. ഐസിസി ലോകകപ്പ് ഫോര്‍മാറ്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ എല്ലായ്പ്പോഴും മറ്റെല്ലാ പോരാട്ടങ്ങളുടെയും മുകളില്‍ നില്‍ക്കുന്ന ഒന്നായാണ് കണക്കാക്കുന്നത്. ഇന്ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം ഈ ചിരവൈരികളുടെ പോരാട്ടത്തിന് വേദിയാവുകയാണ്.

ഇതുവരെ ടി20 ലോകകപ്പില്‍ അഞ്ച് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അഞ്ചിലും ജയം ഇന്ത്യക്ക് ആയിരുന്നു. ഇത്തരത്തില്‍ ലോകകപ്പില്‍ ചിരവൈരികളായ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോര്‍ഡാണുള്ളത്. ഇത്തവണയും ഈ ആധിപത്യം ഇന്ത്യക്ക് നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മറുവശത്ത് ഇന്ത്യക്കെതിരെ ലോകകപ്പില്‍ അഭിമാന ജയം നേടാന്‍ ലക്ഷ്യമിടുകയാണ് പാകിസ്ഥാന്‍. ഇന്നത്തെ മത്സരത്തില്‍ മികച്ച താരനിരയുമായാണ് ഇരു ടീമുകളും അണിനിരക്കുക എന്നതിനാല്‍ ജയം ആര്‍ക്കാകും എന്നത് പ്രവചനാതീതമാണ്. അങ്ങനെയിരിക്കെ ആവേശപ്പോരിലെ വിജയി ആരാകും എന്ന് പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ജ്യോത്സ്യനായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി. മുന്‍പ് നടന്ന പല ക്രിക്കറ്റ് മത്സരങ്ങുളുടെയും ക്രിക്കറ്റ് താരങ്ങളുടെ കരിയറിനെ കുറിച്ചും ശരിയായ പ്രവചനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ജഗന്നാഥ് ഗുരുജി.

ഈ വര്‍ഷത്തെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ രണ്ട് കരുത്തരായ സംഘങ്ങളാണ് നേര്‍ക്കുനേര്‍ വരുന്നത് എന്നതിനാല്‍ ആരാധകര്‍ക്ക് ഇന്നത്തെ മത്സരം ആരാധകര്‍ക്ക് ഒരു വലിയ അനുഭവമായിരിക്കുമെന്നാണ് ജഗന്നാഥ് ഗുരുജി പറയുന്നത് . ലോകകപ്പ് വേദികളിലെ മികവ് ഇന്ത്യ തുടരുമോ അതോ പാകിസ്ഥാന്‍ ചരിത്രം കുറിക്കുമോ എന്ന ചോദ്യത്തിന്, ഇരു ടീമുകളുടെയും പ്രത്യേകിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെയും ലക്ഷണങ്ങള്‍ വെച്ച് അദ്ദേഹം പറഞ്ഞത്, ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഇരു ടീമുകള്‍ക്കും എളുപ്പത്തില്‍ ജയമുണ്ടാകില്ല എന്നതാണ്.

കോഹ്ലിയുടെ ലക്ഷണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്, ‘അദ്ദേഹം ഒരു മികച്ച ടീം ലീഡര്‍ ആണ് എന്നതാണ്. അദ്ദേഹത്തിന്റെ കീഴില്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച പരിശീലനവും ഒപ്പം ആത്മവിശ്വാസവും ഇന്നത്തെ മത്സരത്തില്‍ ഇന്ത്യക്ക് കൂട്ടാകും. ഗ്രൗണ്ടില്‍ കോഹ്ലിയുടെ സാന്നിധ്യം ടീമിന് മുഴുവന്‍ കരുത്ത് പകരും. കൂടാതെ, കോഹ്ലിയുടെ ജാതകത്തില്‍ സൂര്യനും ശനിയും ശക്തരായി നില്‍ക്കുന്നു എന്നാണ് കാണുന്നത്, അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കും.’ – ജഗന്നാഥ് ഗുരുജി പറഞ്ഞു.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം, മത്സരത്തില്‍ നിന്ന് ലഭിക്കുന്ന എല്ലാ സാധ്യതയും അവര്‍ വിജയത്തിലേക്ക് മാറ്റിയെടുക്കാന്‍ ശ്രമിക്കുമെന്നതിന് സംശയമില്ല. എന്നാല്‍ രാഹു, ശനി എന്നിവരുടെ പ്രഭാവം മൂലം ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പാകിസ്ഥാന്റെ സാദ്ധ്യതകള്‍ക്ക് മങ്ങലേല്‍ക്കും.’ ജഗന്നാഥ് ഗുരുജി കൂട്ടിച്ചേര്‍ത്തു.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ രാത്രി 7.30 നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം ആരംഭിക്കുക.