റായ്ബറേലി: വിവാദ നിര്‍ദ്ദേശവുമായി ബിജെപി വനിതാ നേതാവ്. സ്്ത്രീകള്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പൊലീസ് സ്റ്റേഷനുകളിലേക്ക് പോകരുതെന്നാണ് ഉത്തരാഖണ്ഡ് മുന്‍ ഗവര്‍ണറും ബിജെപി ദേശീയ ഉപാധ്യക്ഷയുമായ ബേബി റാണി മൗര്യയാണ് വിവാദ നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയത്. അങ്ങനെ പോകേണ്ട സാഹചര്യമുണ്ടായാല്‍ കുടുംബത്തിലെ ഒരു പുരുഷനെ ഒപ്പം കൂട്ടണമെന്നും നേതാവിന്റെ ഉപദേശമുണ്ട്.

പൊലീസുകാരികള്‍ ഉള്ള സ്റ്റേഷനായാലും സ്ത്രീകള്‍ തനിച്ച് പോകരുതെന്നും നേതാവ് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബിജെപി ഭരണകാലത്ത് തങ്ങള്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിന്റെ ഫലമായി കാര്യങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന ആരോപണവുമായി നേതാവ് രംഗത്ത് എത്തിയിട്ടുണ്ട്. വാല്‍മീകി ജയന്തി ആഘോഷങ്ങള്‍ക്കായി താന്‍ കഴിഞ്ഞ ദിവസം വാരണസിയിലായിരുന്നുവെന്നും അവിടെ ദളിത്-മുസ്ലീം സ്്ത്രീകള്‍ സന്നിഹിതരായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് മോഡിയുടെയും ആദിത്യനാഥ് സര്‍ക്കാരിന്റെയും സ്്ത്രീ ഉദ്ധാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് താന്‍ സംസാരിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കും അവരുടെ ഉന്നതിക്കും വേണ്ടി ഇരുനേതാക്കളും ചെയ്യുന്ന കാര്യങ്ങളും താന്‍ ചൂണ്ടിക്കാട്ടി. അതിവേഗ കോടതികള്‍ സ്ഥാപിച്ചതോടെ വേഗത്തില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ റാണി മൗര്യയുടെ പ്രസ്താവന ബിഎസ്പി പ്രചാരണ ആയുധമാക്കി മാറ്റിയിരിക്കുകയാണ്. ആദിത്യനാഥിന്റെ കീഴില്‍ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകള്‍ ഏറെ സുരക്ഷിതമല്ലാത്ത ഇടമായി മാറിയിരിക്കുന്നു എന്ന് റാണി മൗര്യയുടെ വീഡിയോ പങ്ക് വച്ച് കൊണ്ട് അദ്ദേഹം കുറിച്ചു. അത് കൊണ്ടാണ് റാണി മൗര്യ ഇത്തരത്തില്‍ ഒരു ഉപദേശം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.