കൂറ്റന്‍ പെരുമ്പാമ്പിനെ കാട്ടില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് നീക്കുന്നതിന്‍റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. 100 കിലോ ഭാരവും 6 മീറ്റര്‍ നീളവുമുള്ള പെരുമ്പാമ്പാണിത്.വിഡിയോയിൽ  പാമ്പിന്‍റെ അസാമാന്യ വലുപ്പം കണ്ട് അമ്പരക്കുകയാണ് ജനങ്ങൾ.


കരീബിയൻ രാഷ്ട്രമായ ഡൊമിനിക്കയിലെ മഴക്കാടുകൾ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതാണ് ഈ ഭീമൻ പാമ്പ്. തങ്ങളെകൊണ്ട് ഈ പാമ്പിനെ മാറ്റാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ തൊഴിലാളികൾ ക്രെയിൻ വിളിച്ചുവരുത്തി.

ക്രെയിൻ ഉപയോഗിച്ച് പാമ്പിനെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി തൊഴിലാളികൾ തങ്ങളുടെ ജോലി തുടർന്നു. ആരോ റെക്കോർഡ് ചെയ്ത വീഡിയോ അതിനകം ‘ലോകത്തിലെ ഏറ്റവും വലിയ പാമ്പ്’ എന്ന വിശേഷണവുമായി പടരാൻ തുടങ്ങി.


ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ള വീഡിയോയാണിത് എന്ന വിവരണവുമായാണ് വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായത്.”100 കിലോഗ്രാം ഭാരവും 6.1 മീറ്റർ നീളവുമുള്ള ഈ പെരുമ്പാമ്പിനെ ജാർഖണ്ഡിലെ ധൻബാദിൽ മാറ്റാൻ ഒരു ക്രെയിൻ വേണ്ടി വന്നു” എന്ന് രാജ്യസഭാംഗം, പരിമൾ നത്വാനി വീഡിയോ സഹിതം പോസ്റ്റ് ചെയ്തതോടെ വീഡിയോ കാട്ടുതീപോലെ സമൂഹ മാധ്യമങ്ങളിൽ പടർന്നു..


ജാർഖണ്ഡിൽ ഒരു ഭാഗത്തുനിന്നും അത്തരത്തില്‍ പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്നും ജെസിബി ഉപയോഗിച്ച് പാമ്പിനെ നീക്കം ചെയ്യേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും ധൻബാദിലെ പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.


കരീബിയന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഏകദേശം 13 അടിയോളം വളരുന്ന പെരുമ്പാമ്പാണിത്.ടിക്ടോക്കിലൂടെയാണ് ഈ വിഡിയോ ആദ്യം പുറത്തു വന്നത്. ടിക്ടോക്കില്‍ വിഡിയോ 8 കോടിയോളം പേര്‍ കാണുകയും ചെയ്തിരുന്നു