ചെന്നൈ.ബസിലേക്ക് പെട്ടെന്ന് കയറിയയ യാത്രക്കാരനെക്കണ്ട് യാത്രക്കാര്‍ അമ്പരന്നു,ഇയാള്‍ നമ്മുടെ മുഖ്യമന്ത്രിയെപ്പോലെ തന്നെ, അല്ല അത് മുഖ്യമന്ത്രി തന്നെ. സര്‍ക്കാര്‍ ബസില്‍ മിന്നല്‍ പരിശോധനയുമായി എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് ജനത്തെ ഞെട്ടിച്ചത്. പെട്ടെന്ന് മുഖ്യമന്ത്രി ബസില്‍ കയറിയപ്പോള്‍ യാത്രക്കാരും ജീവനക്കാരും അമ്പരന്നു. ബസിലെ സ്ത്രീ യാത്രക്കാരോട് വിശദമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ബസില്‍ നിന്നും ഇറങ്ങിയത്.

ചെന്നൈ ത്യാഗരായനഗറില്‍ നിന്ന് കണ്ണകി നഗറിലേക്ക് സര്‍വീസ് നടത്തുന്ന എം19ബി എന്ന സര്‍ക്കാര്‍ ടൗണ്‍ ബസിലാണ് അദ്ദേഹം മിന്നല്‍ സന്ദര്‍ശനം നടത്തിയത്. സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിരുന്നു. അതേ കുറിച്ചും അദ്ദേഹം യാത്രക്കാരായ സ്ത്രീകളോട് ചോദിച്ചറിഞ്ഞു.

വലിയ ആവേശത്തോടെയാണ് സ്ത്രീകള്‍ മുഖ്യമന്ത്രിയെ വരവേറ്റത്. ബസിനുള്ളില്‍ ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും അവര്‍ മല്‍സരിച്ചു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തില്‍ മടങ്ങി.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊലീസ് സ്റ്റേഷനിലും പലതവണ സ്റ്റാലിന്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. കൊവിഡ് വാക്‌സിന്‍ വിതരണവും മുഖ്യമന്ത്രി സ്റ്റാലിന്‍ പരിശോധിച്ചു. ഇതിന്റെ വീഡിയോ സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. വലിയ പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.