ശ്രീനഗര്‍ . ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തെരഞ്ഞെടുപ്പിന് ശേഷം പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിര്‍ത്തി നിര്‍ണയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുന:സ്ഥാപിക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.


മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ജമ്മു കശ്മീരിലെത്തിയത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ടികിള്‍ 370 കേന്ദ്ര സര്‍കാര്‍ റദ്ദാക്കിയത്. പിന്നീട് ജമ്മു കശ്മീരിനെ ലഡാക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

ജമ്മു കശ്മീരില്‍ തീവ്രവാദം കുറഞ്ഞു, കല്ലെറിയുന്ന സംഭവങ്ങള്‍ ഇപ്പോള്‍ എവിടെയും കാണാനില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ജമ്മു കശ്മീരിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുകയാണ്. കശ്മീരിന്റെ വികസനത്തെ ആര്‍ക്കും തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.